കാസർഗോഡ്: വാഴയില വെട്ടിയതിന് ദളിത് യുവാവിന് ക്രൂരമർദനം. കാസർഗോഡ് എളേരിത്തട്ടിലാണ് സംഭവം. പറമ്പിൽ കയറി വാഴയുടെ കൈ വെട്ടിയെന്നാരോപിച്ച് ദളിത് യുവാവിനെ സ്ത്രീകൾ ഉൾപ്പെട്ട സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പുറമെ നായെ ഉപയോഗിച്ച് യുവാവിനെ കടിപ്പിക്കാനും ശ്രമിച്ചു.
സംഭവത്തിൽ നാലുപേർക്കെതിരെ പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ല വകുപ്പിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷാണ് ആക്രമണത്തിനിരയായത്.
എളേരിത്തട്ട് മയിലുവള്ളിയിലെ കെ.വി. വിജേഷിൻ്റെ (32) പരാതിയിൽ എളേരിത്തട്ട് സ്വദേശികളായ റജി, രേഷ്മ, രതീഷ്, നിധിന എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9.30നാണ് സംഭവം നടന്നത്. മാവിലൻ സമുദായക്കാരനായ യുവാവിനെ ഉയർന്ന ജാതിയിൽപെട്ട പ്രതികൾ ആക്രമിച്ചെന്നാണ് പരാതി.
തടഞ്ഞുനിർത്തി കൈകൊണ്ട് അടിച്ചും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ശേഷം പിടിച്ചുകൊണ്ടുപോയി റജിയുടെ കടയിലെത്തിച്ച് മരവടി കൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ സമയം മറ്റ് പ്രതികൾ യുവാവിനെ ചവിട്ടിയും പരിക്കേൽപിച്ചു റജി യുവാവിന്റെ കാർക്കിച്ച് മുഖത്ത് തുപ്പിയതായും പരാതിയിൽ പറയുന്നുണ്ട്.
റജിയുടെ പറമ്പിലെ വാഴയുടെ കൈ പരാതിക്കാരൻ വെട്ടിയ വിരോധമാണ് ആക്രമണകാരണം. യുവാവിനെ ക്രൂരമായി ആക്രമിക്കുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കേസ് കാസർകോട് എസ്.എം.എസ് ഡിവൈ.എസ്.പിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
Content Highlight: Brutally beaten, tried to let a dog bite him, spat on his face; Dalit youth brutally beaten for cutting banana leaves