പാട്ട് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു; ഡി.ജെയും ടീം അംഗങ്ങളും സഹോദരങ്ങളെ വെടിവെച്ചു
national news
പാട്ട് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു; ഡി.ജെയും ടീം അംഗങ്ങളും സഹോദരങ്ങളെ വെടിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 10:44 am

ന്യൂദല്‍ഹി: ഡി.ജെ പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് യുവാക്കള്‍ക്ക് വെടിയേറ്റു. ദല്‍ഹിയിലെ പലാം ഗ്രാമത്തിലാണ് സംഭവം. “ബുള്ളറ്റ് രാജ” എന്ന ബോളിവുഡ് സിനിമയിലെ തമഞ്ചെ പി ഡിസ്‌കോ എന്ന പാട്ട് വീണ്ടും പാടാന്‍ ആവശ്യപ്പെട്ട രണ്ടുപേര്‍ക്കെതിരെ ഡി.ജെയും സംഘവും ചേര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

ഷാന്‍ങ്കി(23), തുഷാര്‍ ഭരദ്വാജ്(16) എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവര്‍ സഹോദരങ്ങളാണ്. സംഭവത്തില്‍ ഡി.ജെ അക്ഷയ്(19), സുഹൃത്തുക്കളായ സജ്ഞയ് ശര്‍മ(29), ആഷിഷ് ശര്‍മ(23) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.


ഞായറാഴ്ച രാത്രി നടന്ന കുടുംബ പരിപാടിക്കിടെയാണ് അക്രമ സംഭവങ്ങള്‍ നടന്നത്. ഒരേ പാട്ട് വീണ്ടും അവതരിപ്പിക്കാന്‍ ഷാന്‍ങ്കിയും തുഷാറും നിരവധി തവണ അക്ഷയ്‌യെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. കുപിതനായ അക്ഷയ് തന്റെ ടീം അംഗങ്ങളെ വിളിച്ചു വരുത്തുകയും സഹോദരങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

അക്രമത്തിനുശേഷം ഇവര്‍ രക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദ്വാരകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതമായി തുടരുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദേവേന്ദര്‍ ആര്യ പറഞ്ഞു.


ഒളിവില്‍ പോയ പ്രതികളെ തിങ്കളാഴ്ചയാണ് പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഒളിസേങ്കതത്തില്‍ നിന്നും പൊലീസ് പിടികൂടിയത്.