ബാലന്‍ ഡി ഓര്‍; അഡാ ഹെഗര്‍ബര്‍ഗിനോട് അശ്ലീല നൃത്തം ചെയ്യാന്‍ അറിയുമോയെന്ന് അവതാരകന്‍, വിവാദമായപ്പോള്‍ മാപ്പു ചോദിച്ചു
Sports
ബാലന്‍ ഡി ഓര്‍; അഡാ ഹെഗര്‍ബര്‍ഗിനോട് അശ്ലീല നൃത്തം ചെയ്യാന്‍ അറിയുമോയെന്ന് അവതാരകന്‍, വിവാദമായപ്പോള്‍ മാപ്പു ചോദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 9:54 am

പാരിസ്: പ്രഥമ വനിതാ ബാലന്‍ ഡി ഓര്‍ ജേതാവ് അഡാ ഹെഗെര്‍ബര്‍ഗിനോട് പുരസ്‌കാരചടങ്ങിനിടെ അശ്ലീല നൃത്തച്ചുവായ ട്വെര്‍കിങ്ങ് അറിയാമോ എന്ന് ചോദിച്ച് അവതാരകന്‍ ഡി.ജെ മാര്‍ട്ടിന്‍ സോള്‍വിഗ്. ചോദ്യം കേട്ട് അമ്പരന്ന ഹെഗര്‍ബെര്‍ഗ് ഉടന്‍ ഇല്ല എന്ന് തിരിച്ചടിച്ചു.

ഒളിമ്പിക് ലിയോണിന്റെയും നോര്‍വയുടേയും മുന്നേറ്റ നിരയിലെ പ്രകടനത്തിനാണ് ഹെഗെര്‍ബെര്‍ഗിനെ മികച്ച വനിതാ താരത്തിനുള്ള ആദ്യത്തെ ബാലന്‍ ഡി ഓര്‍ തേടിയെത്തിയത്. ഹെഗര്‍ബര്‍ഗിന്റെ മികച്ച പ്രകടനം ലിയോണിനെ കഴിഞ്ഞ സീസണിലെ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ കിരീട ജേതാവാക്കുന്നതില്‍ നിര്‍ണായകമായിരുന്നു.

Also Read ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്റെ ദൈവത്തെക്കുറിച്ചുള്ള കത്ത് വില്‍പനയ്ക്ക്

ഫ്രഞ്ച് താരം കിലിയന്‍ എംമ്പാപ്പെയ്ക്കു ശേഷം പുരസ്‌കാരം വാങ്ങാനായി സ്റ്റേജിലെത്തിയ ഹെഗെര്‍ബെര്‍ഗിനോട് “നിങ്ങള്‍ കണ്ടതു പോലെ ഞാന്‍ കിലിയനു വേണ്ടി ചെറിയ ആഘോഷങ്ങളൊക്കെ തയ്യാറാക്കി. നമുക്കും സമാനമായി എന്തെങ്കിലും ചെയ്യാം. നിങ്ങള്‍ക്ക് ട്വെര്‍ക് ചെയ്യാന്‍ അറിയാമോ”- എന്ന് സോള്‍വിഗ് ചോദിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

കായികലോകത്തെ ലിംഗവിവേചനത്തിന്റെ ഉദാഹരണമാണ് സോള്‍വിഗിന്റെ ചോദ്യം എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം തന്റെ വിവാദ പരാമര്‍ശത്തിന് മാപ്പ് ചോദിച്ച് സോള്‍വിഗ് രംഗത്തെത്തി. താന്‍ തമാശരൂപേണ പറഞ്ഞതാണെന്നും ഹെഗെര്‍ബര്‍ഗിനോട് ഇത് വിശദീകരിച്ചിട്ടുണ്ടെന്ന് സ്ത്രീകളോട് തനിക്ക് ബഹുമാനം മാത്രമാണുള്ളതെന്നും സോള്‍വിഗ് ട്വിറ്ററില്‍ കുറിച്ചു.

Also Read ബാലന്‍ ഡി ഓറിന് പുതിയ അവകാശി; ക്രിസ്റ്റ്യാനോയെ പിന്തള്ളി മോഡ്രിച്ച് ജേതാവ്

“അതൊരു തമാശയായിരുന്നു, മോശം ഒരെണ്ണം. ഞാന്‍ മാപ്പ് ചോദിക്കുന്നു”- എന്ന് സോള്‍വിഗ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് മികച്ച പുരുഷ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ സ്വന്തമാക്കി. ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരവും യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനും പിന്നാലെയാണ് ബാലന്‍ ഡി ഓര്‍ മോഡ്രിച്ചിനെ തേടിയെത്തുന്നത്.