'തന്തക്ക് പിറക്കണമെന്ന്' ബി.ആര്‍.എം ഷഫീര്‍, പൊളിറ്റിക്കലി ഇന്‍കറക്ടെന്ന് അവതാരകന്‍, അത്രയെങ്കിലും പറയണ്ടേ എന്ന് മറുചോദ്യം
Kerala News
'തന്തക്ക് പിറക്കണമെന്ന്' ബി.ആര്‍.എം ഷഫീര്‍, പൊളിറ്റിക്കലി ഇന്‍കറക്ടെന്ന് അവതാരകന്‍, അത്രയെങ്കിലും പറയണ്ടേ എന്ന് മറുചോദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th September 2023, 9:31 pm

കോഴിക്കോട്: ത്രിപുരയില്‍ നടന്ന ഉപതരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതില്‍ വിവാദ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം. ഷഫീര്‍. എഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് ബി.ആര്‍.എം ഷഫീറിന്റെ വിവാദ പ്രതികരണം.

‘ത്രിപുരയില്‍ സി.പി.ഐ.എം അച്ഛന്‍ മരിച്ചപ്പോള്‍ മകനെ മത്സരിപ്പിച്ചു. അവിടെ ഒരു സഹതാപ തരംഗവുമുണ്ടായില്ല. കോണ്‍ഗ്രസ് പിന്തുണച്ചാല്‍ പോലും ജയിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ സി.പി.ഐ.എം തകര്‍ന്നിരിക്കുന്നു. അതിനാണ് ജനങ്ങള്‍ പറയുന്നത് തന്തക്ക് ജനിക്കണമെന്ന്’ ഇതായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് ഷഫീര്‍ പറഞ്ഞത്.

എന്നാല്‍ ‘തന്തക്ക് ജനിക്കണമെന്നത്’ പൊളിറ്റിക്കലി ഇന്‍കറക്ടാണെന്ന് അവതാരകന്‍ പറഞ്ഞെങ്കിലും ഷഫീര്‍ വഴങ്ങാന്‍ തയ്യാറായില്ല. ചാണ്ടി ഉമ്മന്‍ അപ്പാ, അപ്പാ, എന്ന് വിളിച്ചപ്പോള്‍ ട്രോളിയവരോട് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞങ്ങളൊക്കെ കോണ്‍ഗ്രസുകാരണെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് എന്നായിരുന്നു ഷഫീറിന്റെ മറുചോദ്യം.

‘സഹതാപതംരംഗം കൊണ്ടും മക്കളെ നിര്‍ത്തിയത് കൊണ്ടുമാണ് പുതുപ്പള്ളിയില്‍ ജയിച്ചതെന്ന് നിങ്ങള്‍ പറഞ്ഞല്ലോ, നിങ്ങളും നിര്‍ത്തിയല്ലോ ത്രിപുരയില്‍ അച്ഛന്‍ മരിച്ചപ്പോള്‍ മകനെ സ്ഥാനാര്‍ത്ഥിയായി. നാലാം സ്ഥാനത്തായിരുന്നു അവിടെ. മക്കളെ നിര്‍ത്തിയാല്‍ മാത്രം ജയിക്കില്ല’ എന്നായിരുന്നു ഷഫീറിന്റെ വാക്കുകള്‍. ഈ സമയം ത്രിപുരയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതില്‍ ഷഫീറിന് സന്തോഷമാണോ എന്ന് അവതാരകന്‍ ചോദിച്ചെങ്കിലും ഷഫീര്‍ കൃത്യമായി മറുപടി പറഞ്ഞില്ല.

പകരം കോണ്‍ഗ്രസ് എത്ര പിന്തുണച്ചാലും വിജയിക്കാന്‍ പറ്റാത്ത തരത്തില്‍ സി.പി.ഐ.എം തകര്‍ന്നിരിക്കുകായാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന് ശേഷമാണ് അദ്ദേഹം ‘തന്തക്ക് ജനിക്കണമെന്ന’ പ്രയോഗം ഉപയോഗിച്ചത്. ഈ സമയം തന്നെ അത് പൊളിറ്റക്കലി ഇന്‍കറക്ടല്ലേ എന്ന് അവതാരകനായ അബ്‌ജോദ് വര്‍ഗീസ് ചോദിച്ചെങ്കിലും ഷഫീര്‍ വഴങ്ങാന്‍ തയ്യാറായില്ല. മാത്രവുമല്ല ചാണ്ടി ഉമ്മന്‍ അപ്പ, അപ്പ എന്ന് വിളിച്ചതിനെ ട്രോളിയവരോട് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ താന്‍ കോണ്‍ഗ്രസാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നുമായിരുന്നു ഷഫീര്‍ പറഞ്ഞത്.

അതേ സമയം സ്ഥാനാര്‍ത്ഥിയുടെ പിതൃത്വത്തെ ചോദ്യം ചെയ്തത് ബി.ആര്‍.എം ഷഫീറിന്റെ സംസ്‌കാരമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സി.പി.ഐ.എം പ്രതിനിധി അരുണ്‍കുമാര്‍ പറഞ്ഞു.

content highlights: BRM Shafeer’s controversial response in Asianet discussion