എഡിറ്റര്‍
എഡിറ്റര്‍
‘വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മഹല്ല് കമ്മിറ്റി നടത്തിയത്’; ഇതര മതസ്ഥനെ വിവാഹം ചെയ്തതിന് ഊരുവിലക്കിയ സംഭവത്തില്‍ വധുവിന്റ ഉമ്മ സംസാരിക്കുന്നു
എഡിറ്റര്‍
Monday 23rd October 2017 6:39pm

 

 

തയ്യാറാക്കിയത്: അനിഷ് വലിയകുന്ന്

മലപ്പുറം: ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി വധുവിന്റെ ഉമ്മ നജ്മ യൂസഫ്.

‘ഞങ്ങളെ മഹല്ലില്‍ നിന്നും പുറത്താക്കിയതായി രേഖാമൂലം ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഞങ്ങളെ വിലക്കിയതുമായി ബന്ധപ്പെട്ട് പള്ളിക്കമ്മിറ്റി നോട്ടീസ് പുറത്ത് വിതരണം ചെയ്തിരുന്നു. പിന്നെ മൈക്കില്‍ വിളിച്ചുപറയുകയാണ് ചെയ്തത്.’ നജ്മ പറയുന്നു.

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്ലാം സംഘമാണ് കുന്നുമ്മല്‍ യൂസഫിനേയും കുടുംബത്തേയും മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത്. നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെ മകള്‍ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു നടപടി.

‘ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മഹല്ല് കമ്മിറ്റി നടത്തിയത്. പള്ളിക്കമ്മിറ്റി രേഖാമൂലം ഒന്നും അറിയിച്ചിട്ടില്ല. അങ്ങനെ അറിയിക്കുന്ന പക്ഷം മറ്റു നടപടികളുമായി മുന്നോട്ടുപോകും. മനുഷ്യന്‍മാര്‍ സാമൂഹ്യജീവികളാണ്. അതുകൊണ്ട് തന്നെ ഒറ്റപ്പെടല്‍ അനുഭവിക്കാം’.

കൂട്ടമായ ഒറ്റപ്പെടല്‍ ഉണ്ടാകുമ്പോള്‍ തകര്‍ന്നുപോകും. പക്ഷേ അതിനെ അതിജീവിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഒരു വഴി അടഞ്ഞുപോകുമ്പോള്‍ ഒരുവഴി തുറക്കും. പാര്‍ട്ടിയുടെ എല്ലാ വിധ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് സി.പി.ഐ.എം മഞ്ചേരി ഏരിയാ കമ്മിറ്റി അംഗം കൂടിയായ നജ്മ യൂസഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.


Also Read: മോദി പോയി ഭരണഘടന വായിക്കൂ ; കേന്ദ്രസഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും സിദ്ധരാമയ്യ


സാധാരണ ഗതിയില്‍ ഇത്തരമൊരു സംഭവമുണ്ടായാല്‍ നിങ്ങളെ പുറത്താക്കി എന്ന് പറഞ്ഞ് നോട്ടീസ് നല്‍കാറാണ് പതിവ്. എന്നാല്‍ ഇവിടെ അങ്ങനെ ചെയ്തിട്ടില്ല. മാനസികമായി തളര്‍ത്തുന്ന ശ്രമമാണ് ഉണ്ടായിരിക്കുന്നത്. വിവാഹത്തിന് എല്ലാവരേയും ക്ഷണിച്ചെങ്കിലും മുസ് ലിമുകളായ ഒരു വിഭാഗം ആളുകള്‍ വരാതിരിക്കുകയായിരുന്നു.

‘ഉപ്പ തികഞ്ഞ മതവിശ്വാസിയാണ്. മഹല്ലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഹകരിക്കാറുണ്ട്. അവര്‍ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ്. ഞങ്ങള്‍ നടത്തിക്കൊടുത്തില്ലെങ്കിലും അവര്‍ വിവാഹം കഴിക്കുമെന്നത് നൂറ് ശതമാനം ഉറപ്പാണ്. ഞങ്ങളില്ലെങ്കിലും അവര്‍ നടത്തും പ്രായപൂര്‍ത്തിയായവരാണ് അവര്‍. അതുകൊണ്ട് ഞങ്ങള്‍ അവരുടെ ഇഷ്ടത്തിനൊത്ത് നിന്നു. അവിടെ മതമല്ലായിരുന്നു പ്രശ്നം. മാത്രവുമല്ല ഞാനൊരു കമ്യൂണിസ്റ്റാണ്.’ നജ്മ പറയുന്നു.

അവരുടെ ഇഷ്ടത്തിനൊത്ത് നില്‍ക്കുക എന്ന ഉത്തരവാദിത്തമാണ് നിറവേറ്റിയത്. അത് രക്ഷിതാക്കള്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തമാണെന്നും അവര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അവരെ ഇറക്കിവിട്ടില്ല എന്നതാകാം മഹല്ല് കാണുന്ന തെറ്റ്. ആളുകളെ വിളിച്ച് ഫംഗ്ഷന്‍ നടത്താതെ ഇറങ്ങിപ്പോട്ടെ എന്നായിരിക്കാം. അതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു.

അങ്ങനെ സംഭവിച്ചാല്‍ അത് മതതീവ്രവാദികള്‍ മുതലെടുക്കാനുള്ള സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. മഹല്ലിന്റെ വിലക്കിനെ ഭയക്കുന്നില്ലെന്നും അത് മൂലമുണ്ടാകുന്ന പ്രതിസന്ധികളെ മറി കടക്കാന്‍ മറ്റൊരു മാര്‍ഗ്ഗമുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും നജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്തുകൊണ്ടാണ് മഹല്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പുറത്താക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് നോട്ടീസ് തരേണ്ടേ. ഇത് ശരിയായ നടപടിയല്ല. രേഖാമൂലം മഹല്‍ കമ്മിറ്റി അറിയിക്കുകയാണെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഡൂള്‍ന്യൂസിനെ അറിയിച്ചു.

അതേസമയം മഹല്ലില്‍ നിന്നും കുടുംബത്തെ പുറത്താക്കിയിട്ടില്ലെന്നാണ് മഹല്ല് കമ്മിറ്റി പറയുന്നത്. ആ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സഹകരിക്കേണ്ടതില്ലെന്നാണ് വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മഹല്ല് കമ്മിറ്റി പറയുന്നത്.


Don’t Miss: സംസ്ഥാന സ്‌കൂള്‍ കായികമേള; എറണാകുളം കിരീടം തിരിച്ചുപിടിച്ചു


ഇനി ആരുടെ വിവാഹം നാട്ടിലുണ്ടായാലും അവരെ ക്ഷണിക്കേണ്ടതില്ല എന്നാണ് പള്ളിയുടെ നിലപാട്. അത് ഊരുവിലക്കല്ലേ എന്ന ചോദ്യത്തിന് അങ്ങനെയല്ല എന്നായിരുന്നു മഹല്ല് കമ്മിറ്റിയുടെ മറുപടി. അവര്‍ക്ക് പള്ളിയില്‍ വരാം, നിസ്‌കരിക്കാം ഖബറടക്കാമെന്നും മഹല്ല് കമ്മറ്റി പറയുന്നത്.

 

Advertisement