2026 ഫിഫ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍. ഗ്രൂപ്പ് സി-യില്‍ നടന്ന മത്സരത്തില്‍ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്രസീല്‍ ആധികാരിക വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനിലയില്‍ കുടുങ്ങിയ ബ്രസീല്‍ രണ്ടാം മത്സരത്തില്‍ വിജയിച്ചുകൊണ്ട് തിരിച്ചുവന്നിരിക്കുകയാണ്.
മാത്യൂസ് കുന്‍ഹയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ബ്രസീല്‍ വിജയിച്ചുകയറിയത്. വിനീഷ്യസ് ജൂനിയറിന്റെ ഗോളും ബ്രസീലിന്റെ വിജയം അനായാസമാക്കി.
മത്സരത്തില്‍ മിന്നും ഫോമിലാണ് വിനീഷ്യസ് കളിച്ചത്. ഒരു ഗോളും അസിസ്റ്റും നേടിയാണ് വിനീഷ്യസ് തിളങ്ങിയത്. മത്സരത്തില്‍ നേടിയ ഗോളോടെ ലോകകപ്പിലെ തന്റെ ഗോള്‍ നേട്ടം മൂന്നാക്കി ഉയര്‍ത്താനും വിനിഷ്യസിന് സാധിച്ചു. മൊറോക്കെതിരെയുള്ള ആദ്യ മത്സരത്തിലും വിനിഷ്യസാണ് കാനറികള്‍ക്കായി ലക്ഷ്യം കണ്ടത്.
ലോകകപ്പില്‍ ബ്രസീലിനായി ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ നേടിയ ഗോളുകളേക്കാള്‍ അധികം വിനിഷ്യസ് നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. റൊണാള്‍ഡീഞ്ഞോ തന്റെ കരിയറില്‍ ലോകകപ്പില്‍ രണ്ട് ഗോളുകളാണ് ബ്രസീലിനായി നേടിയിട്ടുള്ളത്.
റൊണാൾഡീഞ്ഞോ
രണ്ട് ലോകകപ്പുകളിലാണ് റൊണാള്‍ഡീഞ്ഞോ ബ്രസീലിനായി കളത്തിലിറങ്ങിയത്. 2002 ലോകകപ്പില്‍ രണ്ട് ഗോളുകള്‍ നേടിയ താരത്തിന് 2006 ലോകകപ്പില്‍ ഒരു ഗോള്‍ പോലും നേടാനായില്ല.
അതേസമയം മത്സരത്തിന്റെ 23ാം മിനിറ്റിലാണ് മാത്യൂസ് കുന്‍ഹ ബ്രസീലിന് ആദ്യ ലീഡ് നേടിക്കൊടുത്തത്. 36ാം മിനിറ്റില്‍ താരം ബ്രസീലിനായി രണ്ടാം ഗോളും സ്വന്തമാക്കി വീണ്ടും കരുത്തുകാട്ടി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ബ്രസീല്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്രസീലിന് ഗോള്‍ നേട്ടം ഉയര്‍ത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബ്രസീല്‍ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.
FIM DE JOGO NA FILADÉLFIA!
🇧🇷3-0🇭🇹
⚽️ Cunha
⚽️ Cunha
⚽️ Vini Jr
MAIS TRÊS PONTOS PARA O BRASIL! 🇧🇷🏆
A Seleção Brasileira vence o Haiti e segue firme na busca pela classificação às oitavas de final da Copa do Mundo FIFA 2026.
ജൂണ്‍ 25നാണ് കാര്‍ലോ അന്‍സലോട്ടിയുടെ പോരാളികള്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെയാണ് ബ്രസീല്‍ നേരിടുക.
Content Highlight: Brazilian star Vinicius Junior has the best record in the World Cup