ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരുന്നു. വിരമിക്കൽ പ്രഖ്യാപിച്ച് നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് റൊണാൾഡീഞ്ഞോ വീണ്ടും ഫുട്ബോളിലേക്ക് മടങ്ങിയെത്തുന്നത്. ഇറ്റാലിയൻ മൂന്നാം ഡിവിഷൻ ക്ലബ്ബായ റാവെന്നയുമയാണ് റൊണാൾഡീഞ്ഞോ കരാറിൽ എത്തിയിരിക്കുന്നത്.
തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഗോൾ നേടുകയെന്ന ലക്ഷ്യവുമായാണ് ബ്രസീലിയൻ ഇതിഹാസം തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
സീസണിലെ ഉദ്ഘാടന മത്സരത്തിൽ ആയിരിക്കും റൊണാൾഡീഞ്ഞോ ഇറ്റാലിയൻ ക്ലബ്ബിന് വേണ്ടി തന്റെ ഏക മത്സരം കളിക്കുക. ഓഗസ്റ്റ് 24ന് റീജിയാനക്കെതിരെയാണ് ബ്രസീലിയൻ ഇതിഹാസം കളത്തിൽ ഇറങ്ങുക. ഇത് വെറുമൊരു പ്രചാരണ പരിപാടിയോ, മാർക്കറ്റിങ് തന്ത്രങ്ങളോ അല്ലെന്നും ക്ലബ്ബ് അധികൃതർ വ്യക്തമാക്കി.
യൂറോപ്പിലെ മികച്ച ക്ലബ്ബുകളിൽ പന്തുതട്ടിയ അനുഭവസമ്പത്തുള്ള താരമാണ് റൊണാൾഡിഞ്ഞോ. 2001ൽ പാരീസ് സെയ്ന്റ് ജെർമെയ്ന് ജെർമെയ്ന് വേണ്ടി കളത്തിലിറങ്ങിയാണ് റൊണാൾഡീഞ്ഞോ തന്റെ ക്ലബ്ബ് കരിയർ ആരംഭിച്ചത്.
ഫ്രഞ്ച് ക്ലബ്ബിനൊപ്പം രണ്ട് വർഷം ബൂട്ട്കെട്ടിയ ബ്രസീലിയൻ ഇതിഹാസം പിന്നീട് സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയിലേക്ക് കൂടുമാറി. കറ്റാലൻമാർക്ക് വേണ്ടി അഞ്ച് വർഷം കളിച്ച റൊണാൾഡീഞ്ഞോ പിന്നീട് അത്‌ലറ്റികോ മിനൈയ്റോ, ക്വററ്റാരോ, ഫ്ലൂമിനെൻസ് എന്നീ ടീമുകൾക്ക് വേണ്ടിയും കളത്തിലിറങ്ങി.
രാജ്യാന്തര തലത്തിലും ഒരുപിടി മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് റൊണാൾഡീഞ്ഞോ. 2002 ഫിഫ ലോകകപ്പ് നേടിയ ബ്രസീലിയൻ ടീമിലെ നിറസാന്നിധ്യമായിരുന്നു റൊണാൾഡീഞ്ഞോ. 2004, 2005 എന്നീ വർഷങ്ങളിൽ രണ്ട് തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടാനും റൊണാൾഡീഞ്ഞോക്ക് സാധിച്ചു.
2005ലെ ബാലൺ ഡിഓർ പുരസ്കാരം കൈപ്പിടിയിലാക്കിയതും ബ്രസീലിയൻ ഇതിഹാസം തന്നെയാണ്. 2015ലായിരുന്നു റൊണാൾഡീഞ്ഞോ തന്റെ ഐതിഹാസികമായ കരിയർ അവസാനിപ്പിച്ചുകൊണ്ട് ഫുട്ബോളിനോട് വിട പറഞ്ഞത്. ഇപ്പോൾ നീണ്ട 11 വർഷങ്ങൾക്ക് ശേഷം വീണ്ടും ബൂട്ട് കെട്ടി ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്താൻ റൊണാൾഡീഞ്ഞോ ഒരുങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്.
Content Highlight: Brazilian legend Ronaldinho is returning to the field