ഫിഫ ലോകകപ്പ് ആവേശം വീണ്ടും ബ്രസീലിയൻ മണ്ണിലെത്തുന്നു. 2027 വനിത ഫിഫ ലോകകപ്പിനാണ് ബ്രസീൽ ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 24 മുതൽ ജൂലൈ 25 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ബ്രസീലിലെ എട്ട് നഗരങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ നഗരത്തിലും ഏഴ് വീതം മത്സരങ്ങളാണ് ഉണ്ടായിരിക്കുക.
റൗണ്ട് ഓഫ് 16 മത്സരങ്ങൾക്ക് വേദിയാവുന്നത് ബ്രസീലിയ, പോർട്ടോ അലെഗ്ര, റെക്കിഫെ, സാൽവദോർ എന്നീ നഗരങ്ങളാണ്. സെമിഫൈനൽ, ലൂസേസ് ഫൈനൽ പോരാട്ടങ്ങൾ സാവോ പോളയിലും അരങ്ങേറും. ലോകകപ്പിന്റെ കലാശം പോരാട്ടം ചരിത്ര പ്രസിദ്ധമായ മാരക്കാനയിലാണ് നടക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരവും മാരക്കാന സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുന്നത്.
വനിതാ ലോകകപ്പിന്റെ പത്താം എഡിഷനിൽ സ്വന്തം മണ്ണിൽ കിരീടം നേടാൻ ഉറച്ചാണ് ബ്രസീലിയൻ വിമൺസ് ടീം കളത്തിൽ ഇറങ്ങുന്നത്. പുരുഷ ലോകകപ്പിൽ അഞ്ച് തവണ ലോക കിരീടം നേടിയ ബ്രസീലിന് വനിത ലോകകപ്പിൽ ഒരിക്കൽപോലും ലോകത്തിന്റെ നെറുകയിൽ എത്താൻ സാധിച്ചിട്ടില്ല. ഇപ്പോൾ സ്വന്തം മണ്ണിൽ ചരിത്രത്തിലെ ആദ്യ വനിതാ ലോക കിരീടം നേടാനുള്ള സുവർണാവസരമാണ് കാനറിപ്പടക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
2007 ലോകകപ്പിൽ റണ്ണേഴ്സ് അപ്പായതാണ് ബ്രസീലിയൻ വുമൺസ് ടീമിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം. അന്ന് ബ്രസീലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ജർമനിയായിരുന്നു കിരീടം ചൂടിയിരുന്നത്. 1999 ലോകകപ്പിൽ ബ്രസീൽ മൂന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.
നിലവിലെ വനിതാ ലോകകപ്പ് ചാമ്പ്യന്മാർ സ്പെയ്ൻ ആണ്. 2023 ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു സ്പാനിഷ് പട കിരീടം നേടിയത്. ഇംഗ്ലീഷ് പടയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയായിരുന്നു സ്പെയ്ൻ തങ്ങളുടെ ചരിത്രത്തിലെ ആദ്യ വനിതാ ലോകകപ്പ് കൈപ്പിടിയിലാക്കിയത്. ബ്രസീലിന്റെ മണ്ണിൽ ഈ ലോകകിരീടം നിലനിർത്തുകയെന്ന വലിയ ലക്ഷ്യവും സ്പെയ്നിന്റെ മുന്നിൽ ഉണ്ടായിരിക്കും.
അതേസമയം നിലവിലെ പുരുഷ ലോകകപ്പ് കിരീടം നേടിയതും സ്പെയ്ൻ തന്നെയാണ്. 2026 ഫിഫ ലോകകപ്പിൽ കലാശ പോരാട്ടത്തിൽ അർജന്റീനയെ ഏതിലില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയായിരുന്നു സ്പെയ്ൻ ലോക ചാമ്പ്യന്മാരായത്. പുരുഷ ലോകകപ്പിലെ തങ്ങളുടെ രണ്ടാം ലോക കിരീടമായിരുന്നു സ്പെയ്ൻ കൈപ്പിടിയിലാക്കിയത്.
2010 ലോകകപ്പിലായിരുന്നു സ്പെയിൻ ആദ്യമായി കിരീടം ചൂടിയത്. സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പിൽ നെതർലാൻഡ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്തായിരുന്നു സ്പാനിഷ് പടയുടെ ആദ്യ ലോകകപ്പ് വിജയം.
Content Highlight: Brazil womens team set to won their first world cup in history