2026 ഫിഫ ലോകകപ്പിനിടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിനെ പ്രശംസിച്ച് ഇതിഹാസ താരം കക്ക. ടീമിലെ യുവതാരങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന താരമാണ് നെയ്മറെന്നാണ് കക്ക പറഞ്ഞത്.
ഫിറ്റും ആരോഗ്യവാനുമാവുമ്പോള്‍ ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് നെയ്മറെന്നും കക്ക വ്യക്തമാക്കി. റിയോ ഫെര്‍ഡിനാര്‍ഡിന്റെ റിയോ മീറ്റ്സ് പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു ബ്രസീലിയന്‍ ഇതിഹാസം
‘എനിക്ക് നെയ്മറെ വളരെ ഇഷ്ടമാണ്. ഞങ്ങള്‍ ബ്രസീലിന് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളുമാണ്. ഫിറ്റും ആരോഗ്യവാനുമാവുമ്പോള്‍ ബ്രസീലിന്റെ പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. അദ്ദേഹം എപ്പോഴും ടീമിനെ പിന്തുണക്കുകയും യുവതാരങ്ങളെ സഹായിക്കുകയും ചെയ്യുന്നു. നല്ലൊരു സഹതാരമാണ് നെയ്മര്‍. ഇപ്പോള്‍ അദ്ദേഹം ടീമിന് വേണ്ടി നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാം. മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ പക്വതയുള്ള താരമാണ് അദ്ദേഹം,’ കാക്ക പറഞ്ഞു.
നെയ്മര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ മൊറൊക്കോക്കെതിരെ കളത്തിലിറങ്ങാന്‍ നെയ്മറിന് സാധിച്ചിരുന്നില്ല. കാലിനേറ്റ പരിക്ക് ഭേദമാവാത്തതിനാലാണ് താരത്തിന് ആദ്യ മത്സരം നഷ്ടമായത്.
2023ന് ശേഷം നെയ്മര്‍ ബ്രസീലിന് വേണ്ടി കളിച്ചിട്ടില്ല. ആ വര്‍ഷം മെയ് പകുതിയോടെ കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. താരത്തിന്റെ ഫിറ്റ്നസില്‍ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ആന്‍സലോട്ടി താരത്തെ അവസാന നിമിഷം ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
അതേസമയം മൊറോക്കോക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ബ്രസീല്‍ സമനിലയില്‍ കുടുങ്ങിയിരുന്നു. ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ചാണ് സമനില നേടിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ടീമിന്റെയും ഗോളുകള്‍ പിറന്നത്.
മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് മൊറോക്കോയായിരുന്നു. ഇസ്മായില്‍ സൈബാരിയാണ് വല കുലുക്കിയത്. 21ാം മിനിട്ടില്‍ താരം കാനറിപടയെ ഞെട്ടിച്ച് പന്ത് വലയിലെത്തിച്ചത്. എന്നാല്‍, ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പ് തന്നെ ബ്രസീല്‍ തിരിച്ചടിച്ചു. 32ാം മിനിട്ടിലായിരുന്നു ടീമിന്റെ സമനില ഗോള്‍ പിറന്നത്. വിനീഷ്യസ് ജൂനിയറാണ് ഗോള്‍ വേട്ടക്കാരന്‍.
രണ്ടാം പകുതിയില്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും സമനിലപൂട്ട് പൊളിക്കാന്‍ ബ്രസീല്‍ താരങ്ങള്‍ക്കും മൊറോക്കോ താരങ്ങള്‍ക്കും സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസിലെത്തിയതോടെ ഇരുവരും പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.
Content Highlight: Brazil legend praises Neymar importance of national team