തമിഴില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രതീക്ഷയിലെത്തിയ ചിത്രമായിരുന്നു കൂലി. വമ്പന്‍ താരനിര അണിനിരന്ന ചിത്രം പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. അലസമായ സ്‌ക്രിപ്റ്റില്‍ പാതിവെന്ത അനുഭവമായി കൂലി മാറി. ബോക്‌സ് ഓഫീസിലും ശരാശരി വിജയം മാത്രമായിരുന്നു ചിത്രം സ്വന്തമാക്കിയത്.
റിലീസിന് മുമ്പ് കൂലിയുടെ ഹൈപ്പ് ഉയര്‍ത്താന്‍ സഹായിച്ച ഘടകങ്ങളിലൊന്നായിരുന്നു അനിരുദ്ധിന്റെ സംഗീതം. ചിത്രത്തിനായി അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളെല്ലാം ചാര്‍ട്ട്ബസ്റ്ററായി മാറി. പൂജ ഹെഗ്‌ഡേക്കായി ഒരുക്കിയ മോണിക്ക എന്ന ഗാനം സെന്‍സേഷനായി മാറി. ഗാനരംഗത്തില്‍ പൂജക്കൊപ്പം കട്ടക്ക് സ്‌കോര്‍ ചെയ്ത സൗബിനും ചര്‍ച്ചാവിഷയമായി മാറിയിരുന്നു.
കഴിഞ്ഞദിവസമാണ് മോണിക്കയുടെ വീഡിയോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വീഡിയോ സോങ് വന്നതിന് പിന്നാലെ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുകയാണ്. ഗാനത്തിലെ എല്ലാ സീനിലും ശക്തി മസാല എന്ന ബ്രാന്‍ഡിന്റെ പരസ്യം വെച്ചിട്ടുണ്ടെന്നാണ് ചിലര്‍ കണ്ടുപിടിച്ചത്.
സിനിമയുടെ സാമ്പത്തിക ലാഭത്തിനായി ചില ബ്രാന്‍ഡുകളുടെ പരസ്യം സിനിമയില്‍ അവിടവിടെയായി പ്ലേസ് ചെയ്യുന്നത് ഇപ്പോള്‍ സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ഈ പാട്ടില്‍ ആദ്യം മുതല്‍ ശക്തി മസാലയെ ഓരോ ഫ്രെയിമിലും പ്ലേസ് ചെയ്ത് വെച്ചിരിക്കുകയാണെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. കണ്ടെയ്‌നറിലും പെട്ടികളിലും എല്ലാം ബ്രാന്‍ഡ് ചെയ്തുവെച്ചതിനെ ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ലോകേഷ് കനകരാജ് മുമ്പും ചെയ്തിട്ടുണ്ടെന്നാണ് മറ്റ് ചിലര്‍ വാദിക്കുന്നത്. വിക്രത്തില്‍ ഫിനോലെക്‌സ് പൈപ്പ്, സൊമാറ്റോ എന്നിവയുടെ പരസ്യം ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത രീതിയില്‍ ലോകേഷ് പ്ലേസ് ചെയ്തിട്ടുണ്ടായിരുന്നു. കൂലിയിലേക്ക് എത്തിയപ്പോള്‍ പരസ്യത്തിന്റെ കാര്യവും ലോകേഷിന്റെ കൈയില്‍ നിന്ന് പോയെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.
സണ്‍ പിക്‌ചേഴ്‌സാണ് കൂലിയുടെ നിര്‍മാതാക്കള്‍. ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം രജിനിയും സണ്‍ പിക്‌ചേഴ്‌സും ഒന്നിച്ച ചിത്രമായിരുന്നു കൂലി. 350 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 510 കോടിയായിരുന്നു സ്വന്തമാക്കിയത്. രജിനിയുടെ അടുത്ത ചിത്രമായ ജയിലര്‍ 2വും സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് നിര്‍മിക്കുന്നത്.
Content Highlight: Branding in Monica song became noticed after Coolie movie OTT release