റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക; സെക്കന്തരാബാദില്‍ റിയലന്‍സ് ട്രെന്‍സിനുമുന്നില്‍ ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം
India
റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക; സെക്കന്തരാബാദില്‍ റിയലന്‍സ് ട്രെന്‍സിനുമുന്നില്‍ ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം
നിഷാന. വി.വി
Sunday, 22nd February 2026, 11:29 am

ഹൈദരാബാദ്: സെക്കന്തരാബാദിലെ റിലയന്‍സ് ട്രെന്‍സ് ഔട്ട്‌ലെറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി ഇന്ത്യന്‍ പീപ്പിള്‍സ് ഇന്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍ (ഐ.പി.എസ്.പി) .

ഇസ്രഈല്‍ കമ്പനികളുമായുളള റിലയന്‍സിന്റെ ബിസിനസ് ബന്ധം ആരോപിച്ചായിരുന്നു പ്രതിഷേധം.

അമേരിക്കയുടെയും മറ്റ് ഇസ്രഈല്‍ അനുകൂല സര്‍ക്കാരുകളുടെയും സഹായത്തോടെ ഫലസ്തീന്‍ ജനതയ്‌ക്കെതിരെ ഇസ്രഈല്‍ നടത്തിയ വംശഹത്യ തുറന്നുകാട്ടുക എന്നതായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം.

ഇത്തരത്തില്‍ നേരത്തെയും മെക്‌ഡൊണാള്‍സ്, പിസ ഹട്ട്. ബര്‍ഗര്‍ കിങ്, സ്റ്റാര്‍ബക്‌സ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

റിലയന്‍സിന്റെ ഇസ്രഈലുമായുള്ള പങ്കാളിത്തം രണ്ട് പതിറ്റാണ്ട് പഴക്കമുള്ളതാണെന്നും ഇസ്രഈല്‍ കമ്പനിയായ ഡെല്‍റ്റ കലീലുമായുള്ള റിലയന്‍സിന്റെ 2024 ലെ സംയുക്ത സംരംഭം ഇസ്രഈല്‍ സമ്പദ് വ്യവസ്ഥയെ ശക്തമാക്കിയെന്നും ഐ.പി.എസ്.പി പറഞ്ഞു.

ജെറുസലേം ഇന്നൊവേഷന്‍ ഇന്‍കുബേറ്റര്‍ (ജെ.ഐ.ഐ), ഇസ്രഈലി ഇന്നൊവേഷന്‍ അതോറിറ്റി (ഐ.ഐ.എ), ഔര്‍ക്രൗഡ്, യിസ്സം എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ അംബാനിയുടെ കമ്പനി കുറഞ്ഞത് 117 ഇസ്രഈലി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്’ പ്രതിഷേധക്കാര്‍ പറഞ്ഞു.

ഓബ്‌സെര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പോലുള്ളവയിലൂടെ റിലയന്‍സ് സയണിസിറ്റ് ആഖ്യാനങ്ങളെ സാധാരണവത്കരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികളെ ദ്രോഹിച്ച് റിലയന്‍സ് ലാഭം കൊയ്തുവെന്നും ഇതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തിനുള്ളില്‍ 71,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നും നാമമാത്രമായ വെടിനിര്‍ത്തലിന് ശേഷം 520 പേര്‍ കൂടി മരിച്ചു. ഐ.പി.എസ്.പി അംഗം ഇബ്രാഹിം പറഞ്ഞു.

ഗസയിലെ 90% വീടുകളും സ്‌കൂളുകളും പകുതിയിലധികം ആശുപത്രികളും ഇസ്രഇല്‍ തകര്‍ത്തു. സഹായം തേടിയ 2,000 പേരെ വെടിവച്ചു കൊന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെക്കന്തരാബാദിന് പുറമേ ദല്‍ഹി, മുബൈ, ഹൈദരാബാദ്, വിശാഖപട്ടണം, വിജയവാഡ, പൂനെ എന്നീ നഗരങ്ങളിലും പ്രതിഷേധം നടന്നു.

Content Highlight: Boycott Reliance products; Pro-Palestinian protesters protest in front of Reliance train in Secunderabad

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.