ഒരാഴ്ച ഗ്യാപ്പില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ പ്രണവും മോഹന്‍ലാലും, ഇത്തവണ കളി കളറാകും
Malayalam Cinema
ഒരാഴ്ച ഗ്യാപ്പില്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ പ്രണവും മോഹന്‍ലാലും, ഇത്തവണ കളി കളറാകും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th October 2025, 10:51 pm

ഓണം റിലീസായെത്തി 50 ദിവസം പിന്നിട്ടിട്ടും കുതിപ്പ് തുടരുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍. 200നടുത്ത് സ്‌ക്രീനുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകഃയുടെ ഓളം അടങ്ങുമ്പോഴേക്ക് വന്‍ ഹൈപ്പിലുള്ള ഒരുപിടി ചിത്രങ്ങള്‍ റിലീസിന് തയാറെടുക്കുകയാണ്. ഒക്ടോബര്‍ അവസാനത്തോടെ വീണ്ടും വമ്പന്‍ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മാറ്റുരക്കും.

മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും സിനിമകള്‍ തമ്മിലുള്ള ക്ലാഷാണ് ഇതില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരാഴ്ച ഗ്യാപ്പിലാണ് ഇരുചിത്രങ്ങളും പ്രദര്‍ശനത്തിനെത്തുക. പ്രണവിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഡീയസ് ഈറേ ഒക്ടോബര്‍ 30ന് തിയേറ്ററുകളിലെത്തും. നവംബര്‍ ആറിന് മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയും പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഡീയസ് ഈറേ ഹൊറര്‍ ഴോണറിലാണ് ഒരുങ്ങിയിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് പുത്തന്‍ സിനിമാനുഭവമാകും ചിത്രമെന്ന് ഓരോ അപ്‌ഡേറ്റും അടിവരയിടുന്നുണ്ട്. പ്രണവിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ഡീയസ് ഈറേയില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ജനത ഗാരേജിന് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന തെലുങ്ക് ചിത്രമാണ് വൃഷഭ. രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ മോഹന്‍ലാലിന് വൃഷഭയിലൂടെ ഹിറ്റ് സ്ട്രീക്ക് തുടരാനാകുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. കന്നഡ സംവിധായകന്‍ നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഡീയസ് ഈറേക്കും വൃഷഭക്കും പിന്നാലെ പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധയും നവംബറില്‍ തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജി.ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് വിലായത്ത് ബുദ്ധ. 2022ല്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. നവാഗതനായ ജയന്‍ നമ്പ്യാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വിലായത്ത് ബുദ്ധക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ കാന്തയും നവംബറില്‍ തിയേറ്ററുകളിലെത്തുമെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ദുല്‍ഖറും റാണാ ദഗ്ഗുബട്ടിയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ലോകഃയുടെ വിജയം കാരണെ സെപ്റ്റംബര്‍ 25ന് റിലീസ് ചെയ്യാനിരുന്ന കാന്താ റിലീസ് മാറ്റുകയായിരുന്നു. മോഹന്‍ലാലും പൃഥ്വിരാജും ദുല്‍ഖറും പ്രണവും ചേരുമ്പോള്‍ ബോക്‌സ് ഓഫീസിന് പണിയാകുമെന്ന് ഉറപ്പാണ്.

Content Highlight: Box Office going to witness clash between Mohanlal and Pranav Mohanlal