200 കോടി മുടക്കി 50 കോടിപോലും നേടാതെ കണ്ണപ്പ
Indian Cinema
200 കോടി മുടക്കി 50 കോടിപോലും നേടാതെ കണ്ണപ്പ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th July 2025, 7:51 am

അവസാനമായി തെലുങ്കില്‍ നിന്ന് പുറത്തുവന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് കണ്ണപ്പ. മുന്‍കാല തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ബാബു കഥയെഴുതി നിര്‍മിച്ച ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ വിഷ്ണു മഞ്ചുവാണ് നായകന്‍ കണ്ണപ്പയായി വേഷമിട്ടത്. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, മോഹന്‍ ബാബു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

വന്‍ ബജറ്റിലാണ് ചിത്രം ഒരുക്കിയിരുന്നത്. ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മോഹന്‍ലാലിന് പുറമെ പ്രഭാസ്, അക്ഷയ് കുമാര്‍, തുടങ്ങിയവരും ഗസ്റ്റ് റോളില്‍ കണ്ണപ്പയില്‍ എത്തിയിരുന്നു. ഇത്രയും വലിയ കാസ്റ്റ് ചിത്രത്തിന്റെ ഹൈപ്പ് വാനോളമുയര്‍ത്തിയിരുന്നു. എന്നാല്‍ വമ്പന്‍ കാസ്റ്റിനോ ബിഗ് ബഡ്ജറ്റിനോ രാജ്യമൊട്ടാകെ നടന്നുള്ള പ്രൊമോഷനോ ചിത്രത്തെ രക്ഷിക്കാനായില്ല. ജൂണ്‍ 27 ന് റിലീസായ ചിത്രത്തിന് കാര്യമായ കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടാന്‍ കഴിഞ്ഞിട്ടില്ല.

തെലുങ്കിലെ ഈ ബ്രഹ്‌മാണ്ഡ ചിത്രം ഇനി മുതല്‍ തിയേറ്ററില്‍ ഉണ്ടാകില്ല. റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ച ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്ന് ഒരു ലക്ഷം രൂപ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കണക്കുകള്‍ പ്രകാരണം ഇരുപത് ദിവസം കൊണ്ട് കണ്ണപ്പക്ക് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 32.92 കോടി രൂപ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഈ 32.92 കോടി രൂപയിലെ 30 കോടിയും ആദ്യവാരമാണ് നേടിയതെന്നാണ് ശ്രദ്ധേയം.

എന്നാല്‍ 200 കോടിയാണ് കണ്ണപ്പയുടെ നിര്‍മാണ ചെലവെന്നാണ് സൂചനകള്‍. ഇതുവരെ തിയേറ്ററില്‍ നിന്ന് ലഭിച്ചത് വെച്ചുനോക്കുമ്പോള്‍ ബഡ്ജറ്റിന്റെ ഇരുപത് ശതമാനം പോലും തിരിച്ച് പിടിക്കാന്‍ ചിത്രത്തിനായില്ല. തെലുങ്കില്‍ നിന്ന് ഈ വര്‍ഷമിറങ്ങിയ മറ്റൊരു പാന്‍ ചിത്രം ഗെയിം ചേഞ്ചര്‍ വരുത്തിയ നഷ്ടത്തേക്കാള്‍ വലുതാണ് ഇത്.

ശങ്കറിന്റെ സംവിധാനത്തിലെത്തിയ ഗെയിം ചേഞ്ചര്‍ ഒരുങ്ങിയത് 450 കോടി ബജറ്റിലാണ്. എന്നാല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 136.92 കോടി മാത്രമാണ് തിരിച്ച് പിടിക്കാന്‍ രാം ചരണ്‍ നായകനായ ചിത്രത്തിനായത്.

Content Highlight: Box Office Collection Of Kannappa Movie