തിരുവനന്തപുരം: നെല്‍ കര്‍ഷകര്‍ക്കുള്ള സംസ്ഥാന ഉത്പാദന ബോണസിന് 100 കോടി രൂപ മുന്‍കൂറായി അനുവദിച്ച് ധനകാര്യ വകുപ്പ്. ഈ വര്‍ഷം സംഭരിച്ച നെല്ലിന്റെ സംസ്ഥാന ഉല്‍പാദന ബോണസ് വിഹിതം പൂര്‍ണമായും നല്‍കിയിരുന്നു. ഇതിനുപുറമെയാണ് ഇപ്പോള്‍ 100 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
മിനിമം താങ്ങുവില പദ്ധതിക്കുകീഴില്‍, സംസ്ഥാനം സംഭരിക്കുന്ന നെല്ലിന്റെ വില നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ആ തുക നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്പാദന ബോണസ് മുന്‍കൂര്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു. നെല്ല് സംഭരണം തുടങ്ങിയ ശേഷം ആദ്യമായാണ് സംസ്ഥാന വിഹിതം മുന്‍കൂര്‍ നല്‍കാന്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെല്ല് സംഭരണം നടത്തിയ വകയില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 2601 കോടി രൂപയാണ് ലഭിക്കാനുള്ളത്. സംസ്ഥാനം നിരന്തരം അവശ്യപ്പെട്ടിട്ടും കുടിശിക അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
2024 -25ലെ ഒന്നാം വിളയില്‍ 57,529 കര്‍ഷകരില്‍ നിന്ന് 1.45 ലക്ഷം ടണ്‍ നെല്ലും, രണ്ടാംവിളയില്‍ 1,49,615 കര്‍ഷകരില്‍നിന്ന് 4.35 ലക്ഷം ടണ്‍ നെല്ലുമാണ് സംസ്ഥാന സര്‍ക്കാര്‍ സംഭരിച്ചത്. ആകെ 1645 കോടി രൂപയുടെ നെല്ലാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. ഇതില്‍ 1413 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിയതായും മന്ത്രി പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് തുക ലഭിക്കാത്ത സാഹചര്യത്തില്‍, സംഭരിച്ച നെല്ലിന്റെ വിലയായ മുഴുവന്‍ തുകയും ഓണത്തിന് ലഭ്യമാകുന്നത് ഉറപ്പാക്കാനാണ് ഉത്പാദന ബോണസ് മുന്‍കൂര്‍ ലഭ്യമാക്കിയതെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.
Content Highlight: Bonus for paddy farmers; 100 crores sanctioned in advance