ന്യൂദല്‍ഹി: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമത്തില്‍ സമാധാനപരായി പ്രതിഷേധിക്കാന്‍ എന്തുകൊണ്ട് ഇടതുപക്ഷ പാര്‍ട്ടികളെ അനുവദിക്കുന്നില്ലെന്ന ചോദ്യവുമായി ബോംബെ ഹൈക്കോടതി. ഗസയിലെ ജനങ്ങള്‍ക്ക് വേണ്ടി മുംബൈയില്‍ പ്രതിഷേധ പ്രകടനത്തിന് അനുമതി തേടിയ സി.പി.ഐ.എം, സി.പി.ഐ പാര്‍ട്ടികളുടെ അനുമതി നിഷേധിച്ച മുംബൈ പൊലീസ് നടപടിയെയാണ് കോടതി ചോദ്യം ചെയ്തത്. അനുവാദം നല്‍കാതിരിക്കാനുള്ള കാരണം വിശദീകരിക്കാനും മുംബൈ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
ഗസ സംഘര്‍ഷത്തെ അപലപിക്കാനും വെടിനിര്‍ത്തല്‍ ആവശ്യപ്പെടാനുമുള്ള ആഗോള ആഹ്വാനത്തിന്റെ ഭാഗമായി, ആസാദ് മൈതാനിയില്‍ പ്രതിഷേധം നടത്താന്‍ അനുമതി തേടിയാണ് സി.പി.ഐ.എമ്മും സി.പി.ഐയും ഹൈക്കോടതിയെ സമീപിച്ചത്.
സമാനരീതിയിലുള്ള പ്രതിഷേധം പൂനെയില്‍ സമാധാനപരമായി നടത്തിയിട്ടുണ്ടെന്നും എന്നാല്‍ മുംബൈയില്‍ അത് നിഷേധിക്കുകയാണെന്നും ഹരജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകരായ മിഹിര്‍ ദേശായിയും ലാറ ജെസാനിയും ചൂണ്ടിക്കാണിച്ചു. ഇതേത്തുടര്‍ന്നായിരുന്നു ജസ്റ്റിസ് രവീന്ദ്ര വി ഗുഗെ, ജസ്റ്റിസ് ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ച് മുംബൈ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടത്.
ജൂണ്‍ 13ന് ഓള്‍ ഇന്ത്യ പീസ് ആന്‍ഡ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്റെ (എ.ഐ.പി.എസ്.ഒ) ബാനറില്‍ ആയിരുന്നു പ്രതിഷേധത്തിനായി അനുമതി തേടികൊണ്ടുള്ള അപേക്ഷ ആദ്യമായി സമര്‍പ്പിച്ചത്. ജൂണ്‍ 17ന് ആസാദ് മൈതാന്‍ പൊലീസ് ഇത് നിരസിക്കുകയായിരുന്നു. ഒരു അന്താരാഷ്ട്ര വിഷയത്തില്‍ പ്രതിഷേധം നടത്തുന്നത് ഇന്ത്യയുടെ വിദേശനയത്തിന് വിരുദ്ധമാകുമെന്നും രാഷ്ട്രീയ, സാമൂഹിക, മത ഗ്രൂപ്പുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും ഇത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നുമായിരുന്നു പ്രതിഷേധം അനുവദിക്കാതിരിക്കാനുള്ള കാരണങ്ങളായി പൊലീസ് പറഞ്ഞത്.
തുടര്‍ന്ന് ജൂണ്‍ 25നും ജൂലൈ 19നും വീണ്ടും അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അവയും നിരസിക്കുകയായിരുന്നു. അതിന് ശേഷമാണ് കക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
തങ്ങള്‍ പ്രതിഷേധിക്കുന്നത് ഗസയില്‍ വെടിനിര്‍ത്തലും മാനുഷിക സഹായവും ആവശ്യപ്പെടുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപിത നിലപാടിനോട് യോജിക്കുന്നതാണെന്നും എന്നാല്‍ പൊലീസിന്റെ നിലപാട് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹരജിക്കാര്‍ വാദിച്ചു. ഒരു ജനാധിപത്യരാജ്യം എന്ന നിലയില്‍ സര്‍ക്കാരിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍പ്പോലും പ്രതിഷേധിക്കാനുള്ള മൗലികാവകാശം തങ്ങള്‍ക്കുണ്ടെന്നും ഹരജിക്കാര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഇന്ന് (ചൊവ്വ) കോടതിയില്‍ മറുപടി നല്‍കും.
അതേസമയം ഇതേവിഷയത്തില്‍ പാര്‍ട്ടി സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം രാജ്യത്തെ ബാധിക്കുന്ന മാലിന്യ പ്രശ്‌നം, മലിനീകരണം, എന്നിവയില്‍ പാര്‍ട്ടി ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഉപദേശിച്ച് ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അന്‍ഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.