സി.എന്‍.എന്‍ ന്യൂയോര്‍ക്ക് സ്റ്റുഡിയോയില്‍ വീണ്ടും ബോംബ് ഭീഷണി; കള്ളവാര്‍ത്തയെന്ന് ഡൊണാള്‍ഡ് ട്രംപ്
World News
സി.എന്‍.എന്‍ ന്യൂയോര്‍ക്ക് സ്റ്റുഡിയോയില്‍ വീണ്ടും ബോംബ് ഭീഷണി; കള്ളവാര്‍ത്തയെന്ന് ഡൊണാള്‍ഡ് ട്രംപ്
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 11:03 am

ന്യൂയോര്‍ക്ക്: ബോംബ് ഭീഷണിയെ തുടര്‍ന്ന് സി.എന്‍.എന്നിന്‍െ ന്യൂയോര്‍ക്ക് ഓഫീസില്‍ നിന്ന് ജോലിക്കാരെ ഒഴിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഓഫീസ് കെട്ടിട സമുച്ചയം ഇപ്പോഴും സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷാവലയത്തിലാണ്. സമാനമായ സംഭവം കഴിഞ്ഞ ഒക്ടോബറിലും ഉണ്ടായിരുന്നു. ഫോണിലൂടെയാണ് ഭീഷണി ലഭിച്ചതെന്ന് സി.എന്‍.എന്‍ പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം ഭയപ്പെടേണ്ടതില്ലെന്നും ഇന്ന് രാവിലെ മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നതില്‍ സുരക്ഷ പ്രശ്‌നമില്ലെന്നും പൊലീസ് പറഞ്ഞതായി സി.എന്‍.എന്‍ പ്രസിഡന്റ് ജെഫ് സൂക്കര്‍ വ്യക്തമാക്കി.

രാത്രി പത്തരയോടെയാണ് ന്യൂസ് റൂമില്‍ മുന്നറിയിപ്പ് അലാറം വരുന്നത്. ശേഷം ഒരു മണിക്കൂര്‍ തത്സമയ സംപ്രേഷണം തടസ്സപ്പെട്ടു. പിന്നീട് സ്‌കൈപ്പിലൂടെയാണ് സംപ്രേഷണം പുനരാരംഭിച്ചത്.

ALSO READ: ഹുവായ് സി.എഫ്.ഒയുടെ അറസ്റ്റ്; ആഗോളവിപണയിലും അമേരിക്കന്‍ ഓഹരി വിപണിയിലും കനത്ത തിരിച്ചടി

സ്‌കൈപ്പിലൂടെ സംപ്രേഷണം ആരംഭിച്ചപ്പോള്‍ പലരും കരുതിയത് സാങ്കേതിക പ്രശ്‌നം മൂലമാണെന്നാണ്. എന്നാല്‍ ബോംബ് ഭീഷണിയെതുടര്‍ന്നാണ് ഓണ്‍-എയര്‍ ചെയ്യാതെ സ്‌കൈപ്പിലൂടെ സംപ്രേഷണം നടത്തിയത്. സി.എന്‍.എന്‍ പ്രതിനിധി പറഞ്ഞു.

Police and firefighters arrived around 10:30 p.m. to the Time Warner Center in New York.

ഭീഷണിയെതുടര്‍ന്ന് ടൈം വാര്‍ണര്‍ സെന്ററിലെ കൊളംബസ് സര്‍ക്കിളില്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കെട്ടിടത്തില്‍ അഞ്ചിടങ്ങളില്‍ ബോംബ് സ്ഥാപിച്ചെന്നായിരുന്നു ഭീഷണി. പ്രാഥമിക അന്വേഷണത്തില്‍ ബോംബൊന്നും കണ്ടെത്താനായില്ല. അതിനാല്‍ എന്‍.വൈ.പി.ഡി.യുടെ നേതൃത്വത്തില്‍ വിശദമായ തെരച്ചില്‍ തുടരുകയാണ്. പക്ഷെ ഇന്നുരാവിലെ മുതല്‍ സി.എന്‍.എന്‍ ന്യൂസ് സ്റ്റുഡിയോ പ്രവര്‍ത്തനം പതിവ് പോലെ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് വാര്‍ത്ത ചെയ്തതനെ തുടര്‍ന്നും ബോംബ് ഭീഷണിയുണ്ടായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ ബോംബ് കണ്ടെത്തുകയും നിര്‍വീര്യമാക്കുകയുമായിരുന്നു.

അതേ സമയം സി.എന്‍.എന്നിലെ ബോംബ് ഭീഷണിയോട് പ്രതികരിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. “”ജനങ്ങളുടെ ശത്രുക്കള്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു”” എന്നാണ് ട്വീറ്റ് ചെയ്തത്. ട്രംപ് നേരത്തേയും സി.എന്‍.എന്‍. അടക്കമുള്ള മാധ്യമങ്ങള്‍ക്കെതിരെ ഇത്തരത്തിലുള്ള പദപ്രയോഗം നടത്തിയിട്ടുണ്ട്.