ഓഫ് സ്‌ക്രീനില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഹീറോ; റോള്‍ മോഡലിനെ കുറിച്ച് ദീപിക പദുക്കോണ്‍
Entertainment
ഓഫ് സ്‌ക്രീനില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ഹീറോ; റോള്‍ മോഡലിനെ കുറിച്ച് ദീപിക പദുക്കോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th June 2021, 3:19 pm

ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ അച്ഛന്‍ പ്രകാശ് പദുക്കോണിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ച് ദീപിക മുന്‍പ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ ജീവിതത്തിന് പ്രചോദനമായ, വളര്‍ച്ചയില്‍ ഏറ്റവും പിന്തുണ നല്‍കിയ വ്യക്തിയാണ് അച്ഛനെന്ന് ദീപിക പല വേദികളില്‍ പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പ്രകാശ് പദുക്കോണിന്റെ ജന്മദിനത്തില്‍ ദീപിക സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ ഓഫ് സ്‌ക്രീനില്‍ കണ്ട ഏറ്റവും മികച്ച ഹീറോ അച്ഛനാണെന്നാണ് അന്ന് നടി എഴുതിയിരുന്നത്.

ഒരു വിജയിയാവുക എന്നാല്‍ ജോലിയിലെ നേട്ടങ്ങള്‍ മാത്രമല്ലെന്നും നല്ലൊരു മനുഷ്യനാവുക എന്നതാണെന്നും തന്നെ പഠിപ്പിച്ചത് അച്ഛനാണെന്ന് ദീപിക പറഞ്ഞു. ഫിലിം ഫെയറിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്റെ എല്ലാ വര്‍ക്കുകള്‍ക്കും നേട്ടങ്ങള്‍ക്കും പ്രചോദനമായതും അച്ഛനാണെന്ന് ദീപിക പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ വ്യക്തിത്വം ചുറ്റുമുള്ളവരിലേക്കും പ്രസരിക്കും. ഉള്ള് നിറയെ നന്മയുള്ള വളരെ ലളിതനായ ഒരു വ്യക്തിയാണ് പ്രകാശ് പദുക്കോണെന്നായിരുന്നു ദീപിക പറഞ്ഞത്. തനിക്കും സഹോദരി അനിഷയ്ക്കും ഇതിലും മികച്ച ഒരു റോള്‍ മോഡലിനെ ലഭിക്കാനില്ലെന്നും ദീപിക പറഞ്ഞിരുന്നു.

മറ്റൊരിക്കല്‍ നാഷണല്‍ കമ്മിഷന്‍ ഫോര്‍ മെന്‍ ആന്റ് വുമണ്‍ നടത്തിയ ക്യാംപെയ്‌നിന്റെ ഭാഗമായി സംസാരിച്ചപ്പോഴും പ്രകാശ് പദുക്കോണിനെ കുറിച്ച് ദീപിക വാചാലയായിരുന്നു.

‘എന്റെ അച്ഛനില്‍ നിന്നും ഇപ്പോള്‍ ഭര്‍ത്താവില്‍ നിന്നും ഒരുപാട് സ്‌നേഹം അനുഭവിക്കാനായതില്‍ ഞാന്‍ ഏറെ ഭാഗ്യവതിയാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ സ്‌നേഹം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ പുരുഷന്മാര്‍ക്കും സുപ്രധാനമായ സ്ഥാനമുണ്ട്,’ ദീപിക പറഞ്ഞു.


Content Highlight: Bollywood actress Deepika Padukone about her role model, father Parakash Padukone