മലയാളത്തില്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്ന് രാജ്കുമാര്‍ റാവു; മോളിവുഡിനെയും ഫഹദ് ഫാസിലിനെയും പുകഴ്ത്തി അവതാരകയും
Entertainment
മലയാളത്തില്‍ ഒരു അവസരത്തിനായി കാത്തിരിക്കുകയാണെന്ന് രാജ്കുമാര്‍ റാവു; മോളിവുഡിനെയും ഫഹദ് ഫാസിലിനെയും പുകഴ്ത്തി അവതാരകയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 22nd May 2021, 6:56 pm

മലയാള സിനിമയെയും ഫഹദ് ഫാസിലിനെയും വാനോളം പുകഴ്ത്തി ബോളിവുഡ് നടന്‍ രാജ് കുമാര്‍ റാവു. ഫിലിം കംപാനിയനില്‍ അവതാരകയും സിനിമാ നിരൂപകയുമായ സുചാരിത ത്യാഗി നടത്തിയ അഭിമുഖത്തില്‍ പ്രേക്ഷകന്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്ന നടന്‍.

മലയാള സിനിമയില്‍ മികച്ച ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒ.ടി.ടി വഴി റീജിയണല്‍ സിനിമകള്‍ എല്ലാവര്‍ക്കും കാണാനാകുന്നു. വിവിധ ഭാഷകളിലെ പ്രതിഭകള്‍ ഒന്നിച്ചുവരുന്ന സിനിമകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫഹദിനൊപ്പം ഒരു ദിലീഷ് പോത്തന്‍ ചിത്രത്തില്‍ നായകനായി എത്തുമോ എന്നായിരുന്നു രാജ്കുമാറിനോടുള്ള പ്രേക്ഷകന്റെ ചോദ്യം.

അത്തരമൊരു അവസരം ലഭിച്ചാല്‍ അത് ഏറെ മികച്ച ഒന്നായിരിക്കുമെന്നാണ് രാജ്കുമാര്‍ റാവു ഇതിനോട് പ്രതികരിച്ചത്. ‘ഫഹദ് മികച്ച ചിത്രങ്ങളാണ് ചെയ്യുന്നത്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ചിത്രങ്ങള്‍ ചെയ്യുന്നു, എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. കുമ്പളങ്ങി നൈറ്റ്‌സൊക്കെ പോലെ നിരവധി ചിത്രങ്ങള്‍.

എനിക്ക് മലയാളികളായ നിരവധി സുഹൃത്തുക്കളുണ്ട്. അനീഷ് ജോണി എന്ന സുഹൃത്ത് സൗണ്ട് ഡിസൈനറാണ്. മലയാള സിനിമയില്‍ അഭിനയിക്കാനായി കാത്തിരിക്കുകയാണെന്നും എനിക്ക് മലയാളം പഠിപ്പിച്ചു തരണമെന്നും ഞാന്‍ അവനോട് പറയാറുണ്ട്,’ രാജ്കുമാര്‍ റാവു പറഞ്ഞു.

സുചാരിതയും മലയാള സിനിമയെ അഭിനന്ദിച്ചുകൊണ്ടാണ് സംസാരിച്ചത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലെയുള്ള നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ വരുന്നുണ്ടെന്നും മോളിവുഡ് വ്യത്യസ്തമായ ചിത്രങ്ങളാണ് നിര്‍മ്മിക്കുന്നതെന്നും സുചാരിത പറഞ്ഞു.

ഫഹദ് ഫാസിലും രാജ്കുമാര്‍ റാവുവും ഒന്നിച്ചെത്തുന്നത് ഗംഭീരമായിരിക്കുമെന്നും സുചാരിത പറഞ്ഞു. ‘ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സിലെ’ ഫ്രണ്ട്‌സ് ലിസ്റ്റില്‍ എങ്ങനെയെങ്കിലും കയറിക്കൂടാനാണ് താന്‍ ശ്രമിക്കുന്നതെന്നും അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

ആമസോണിലും നെറ്റ്ഫ്‌ളിക്‌സിലുമായി ഇറങ്ങിയ ഫഹദ് ഫാസിലിന്റെ സീ യു സൂണ്‍, ഇരുള്‍, ജോജി എന്നീ മൂന്ന് ചിത്രങ്ങളും പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Bollywood actor Rajkumar Rao wants to act in Malayalam movies, praises Fahadh Faasil