മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഒട്ടനവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. 2014ല്‍ പുറത്തിറങ്ങി ഹിറ്റടിച്ച നിവിന്‍ പോളി ചിത്രം ഓം ശാന്തി ഓശാനയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജൂഡ് ആന്തണി ജോസഫ് മലയാളത്തില്‍ നിന്നും ഇരുനൂറ് കോടി നേടിയ ചിത്രമായ 2018ലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തിരുന്നു. 2023ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്ത ചിത്രമാണ് തുടക്കം. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകത തുടക്കത്തിനുണ്ട്.

തുടക്കം. Photo: Book My Show

ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ അഭിനേതാവായിരുന്നു ബോബി കുര്യന്‍. പ്രൊഡക്ഷനില്‍ നിന്നും അഭിനയിത്തിലേക്കെത്തിയ ബോബി 2011ല്‍ പുറത്തിറങ്ങിയ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ താരം ശ്രദ്ധിക്കപ്പെടുന്നത് ജോജു ജോര്‍ജ് സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ വാറണ്ട് ഡേവി എന്ന ചിത്രത്തിലൂടെയാണ്. സമാനമായ വില്ലന്‍ വേഷമായിരുന്നു തുടക്കത്തിലും ബോബി അവതരിപ്പിച്ചത്.

അടുത്തിടെ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജൂഡ് ആന്തണി ജോസഫിന്റെ ചിത്രത്തിലേക്കെത്തിയതിനെ കുറിച്ചും സംവിധായകനെ കുറിച്ചും ബോബി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജൂഡ് വലിയ ദേഷ്യക്കാരനാണെന്നായിരുന്നു അറിഞ്ഞതെന്നും എന്നാല്‍ ഷൂട്ടിനിടെ തന്നെ വഴക്ക് പറഞ്ഞിട്ടില്ലെന്നും പറയുകയാണ് താരം.

‘ജൂഡ് ആന്തണി സംവിധാനം ചെയ്യുന്നു എന്ന് പറയുമ്പോള്‍ തന്നെ അതൊരു വലിയ ബാനറാണ്. അത്തരത്തിലൊരു ചിത്രത്തിന്റെ ഭാഗമാകുക എന്ന് പറയുന്നത് തന്നെ വലിയ ഭാഗ്യമാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് എനിക്ക് തുടക്കത്തിലേക്ക് വിളി വരുന്നത്. ലാല്‍ സാറിന്റെ ഒരു ആഡ് ഷൂട്ടിന്റെ ലൊക്കേഷനില്‍ ഇദ്ദേഹം ലാല്‍ സാറിനെ കണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിപ്പോകുന്നതാണ് ഞാന്‍ കാണുന്നത്. അദ്ദേഹത്തിന്റെ പിന്നാലെ ഞാനും ഓടി. അവിടെ വെച്ച് എന്നെ ഒന്ന് കാണാനിരിക്കുകയാണെന്നും ഞാന്‍ വിളിക്കും എന്നും ജൂഡ് സാര്‍ എന്നോട് പറഞ്ഞു.

ജൂഡ് ആന്തണി ജോസഫ്. Photo: X.com

പടം ചെയ്യാന്‍ പോകുന്നതിന് മുമ്പ് ഞാന്‍ അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇടയ്ക്ക് നല്ല ദേഷ്യം വരുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. പക്ഷേ എനിക്ക് ഒരു വഴക്കും കേള്‍ക്കേണ്ടി വന്നിട്ടില്ലെന്ന് മാത്രമല്ല ഞാന്‍ ഭയങ്കര എന്‍ജോയ് ചെയ്ത് വര്‍ക്ക് ചെയ്ത സെറ്റാണ്,’ ബോബി കുര്യന്‍ പറഞ്ഞു.

 

 

Content Highlight: Boby Kurian talks about director Jude Anthany Joseph