മലയാളികള്‍ നെഞ്ചിലേറ്റിയ താരങ്ങളാണ് മോഹന്‍ലാലും അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും. ഇരുവരും ഒന്നിച്ച് ഒരു ഫ്രെയിമില്‍ വന്നത് വിരളമായിരുന്നു. ഇരുവരുടെയും ഓഫ്‌ലൈന്‍ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത്തരത്തില്‍ ഈയിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഒരു വീഡിയോ പുറത്തുവന്നിരുന്നു.
പ്രണവ് മോഹന്‍ലാലിന്റെ പിന്നില്‍ നടന്നുവരുന്ന മോഹന്‍ലാലിന്റെ വീഡിയോക്ക് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കിയിലെ ബി.ജി.എം ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ 30 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കി. പണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ബോബി കുര്യനാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
വൈറലായ വീഡിയോക്ക് പിന്നിലെ കഥ പറയുകയാണ് ബോബി കുര്യന്‍. മൊറോക്കോയില്‍ വെച്ചാണ് ആ വീഡിയോ ഷൂട്ട് ചെയ്തതെന്ന് ബോബി പറയുന്നു. മോഹന്‍ലാലിന്റെ കുടുംബവും താനും അവിടെയുണ്ടായിരുന്നെന്നും അപ്രതീക്ഷിതമായി കിട്ടിയ ഫ്രെയിമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ബോബി കുര്യന്‍.
‘സ്‌പെയിനില്‍ നിന്ന് 400 കിലോമീറ്ററെങ്ങാണ്ട് നടക്കുന്ന എന്തോ ഒരു പരിപാടി കഴിഞ്ഞിട്ട് അങ്ങോട്ട് വന്നതായിരുന്നു. അങ്ങനെ അവിടെയെത്തി കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഷോപ്പിങ്ങിന് ഇറങ്ങി. ആദ്യം തന്നെ വലിയൊരു കടയില്‍ കയറി. അവിടെയാണെങ്കില്‍ ബ്രാന്‍ഡഡായിട്ടുള്ള സാധനങ്ങളൊക്കെയേ ഉള്ളൂ. ‘എനിക്ക് ഇതൊന്നും പറ്റില്ല’ എന്ന് പറഞ്ഞു അപ്പു അവിടുന്ന് ഇറങ്ങി.
പിന്നെ ഏതോ ഒരു ചെറിയ കടയില്‍ കയറിയിട്ട് ഒരു ടീ ഷര്‍ട്ട് വാങ്ങി. ആ വീഡിയോയില്‍ അപ്പുവിന്റെ കൈയില്‍ കാണുന്ന കവര്‍ അതാണ്. ഞാന്‍ ഏറ്റവും മുന്നില്‍ നടക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് പിറകിലേക്ക് നോക്കിയപ്പോള്‍ ഇവരെ കണ്ടു. നല്ലൊരു ഫ്രെയിമായിട്ട് തോന്നിയപ്പോള്‍ വീഡിയോ എടുത്തതാണ്,’ ബോബി കുര്യന്‍ പറയുന്നു.
താന്‍ വീഡിയോ എടുക്കുന്ന കാര്യം പ്രണവിന് അറിയില്ലായിരുന്നെന്നും മോഹന്‍ലാലിന് കാര്യം മനസിലായെന്നും ബോബി പറഞ്ഞു. വീഡിയോ നന്നാക്കാനായി അദ്ദേഹം തന്റെ നടത്തം പാന്‍ ചെയ്‌തെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ നേരം ‘രാജാവും രാജാവിന്റെ മകനും’ എന്ന ക്യാപ്ഷന്‍ സ്വാഭാവികമായി വന്നതാണെന്നും അതിന്റെ ബി.ജി.എമ്മിനും അധികം ആലോചിക്കേണ്ടി വന്നില്ലെന്നും ബോബി പറയുന്നു.
Content Highlight: Bobby Kurian about the viral video of Mohanlal and Pranav Mohanlal