വാഷിങ്ടണ്‍: തീരുവ കുത്തനെ ഉയര്‍ത്തിയ തീരുമാനത്തിന് മുന്നില്‍ കീഴടങ്ങാത്ത ഇന്ത്യയെയും ബ്രിക്‌സ് രാജ്യങ്ങളെയും അവഹേളിച്ച് വൈറ്റ്ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരൊ.
തുടര്‍ച്ചയായി ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിക്കുന്ന നവാരൊ ഇത്തവണ ഇന്ത്യയെ രക്തമൂറ്റിക്കുടിക്കുന്ന രക്തരക്ഷസ് (vampire) എന്നാണ് അവഹേളിച്ചത്. ഇന്ത്യ സഖ്യകക്ഷിയായ ബ്രിക്‌സ് കൂട്ടായ്മയെയും കുറ്റപ്പെടുത്തിയാണ് നവാരോ വിവാദപരാമര്‍ശം നടത്തിയത്.
തെറ്റായ സാമ്പത്തിക-വ്യാപാര രീതികളിലൂടെ ഇന്ത്യയും ബ്രിക്‌സ് രാജ്യങ്ങളും തങ്ങളുടെ ഉത്പന്നങ്ങള്‍ യു.എസില്‍ വിറ്റഴിച്ച് രക്തം ഊറ്റിയെടുക്കുന്ന രക്തരക്ഷസിനെ പോലെയാണ് പെരുമാറിയിരുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവായ നവാരൊ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
വൈറ്റ്ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരൊ
ചരിത്രപരമായി നോക്കുമ്പോള്‍ ബ്രിക്‌സ് രാജ്യങ്ങള്‍ പരസ്പരം വെറുക്കുകയും കൊല്ലുകയും ചെയ്യുന്നുവെന്ന് നവാരൊ ആരോപിച്ചു. യു.എസുമായി വ്യാപാരം ചെയ്യാതെ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് അധികകാലം നിലനില്‍ക്കാനാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഏറെ കാലം ഈ സഖ്യം നിലനില്‍ക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇവര്‍ക്ക് ആര്‍ക്കും യു.എസില്‍ സാധനങ്ങള്‍ വിറ്റഴിക്കാതെ നിലനില്‍ക്കാനാകില്ല’, നവാരൊ പറഞ്ഞു.
കഴിഞ്ഞദിവസവും ഇന്ത്യയ്ക്ക് എതിരെ രംഗത്തെത്തിയ നവാരൊ ഇന്ത്യയും ചൈനയും പതിറ്റാണ്ടുകളായി യുദ്ധത്തിലാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ അമ്പത് ശതമാനം തീരുവ ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയിലെ ചെറുകിട കയറ്റുമതിക്കാര്‍ക്ക് തിരിച്ചടിയായിരുന്നു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഇന്ത്യ ഈ വ്യാപാരത്തില്‍ നിന്നും പിന്മാറാത്തതാണ് യു.എസിനെ പ്രകോപിപ്പിച്ചത്. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നത് നിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവ വെട്ടിക്കുറക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചെങ്കിലും ഇതിനോട് ഇന്ത്യ പ്രതികരിച്ചിരുന്നില്ല.
യു.എസിന്റെ കടുത്തനീക്കത്തിന് പിന്നാലെ ഇന്ത്യ ചൈനയും റഷ്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയിരുന്നു. ഷാങ്ഹായി ഉച്ചകോടിയില്‍ വെച്ച് ചൈനീസ്-റഷ്യന്‍ തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബ്രസീല്‍, റഷ്യ,ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ സഖ്യമാണ് ബ്രിക്‌സ് (BRICS). 2024ല്‍ ഈജിപ്ത്, എതോപ്യ, ഇറാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും 2025ല്‍ ഇന്തോനേഷ്യയും ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമായി.
നേരത്തെ, ചൈനയ്ക്ക് എതിരെയും രക്തരക്ഷസ് എന്ന പരാമര്‍ശം പീറ്റര്‍ നവാരൊ നടത്തിയിരുന്നു. അമേരിക്കയുടെ രക്തമൂറ്റാന്‍ സാധിക്കാതെ വന്നപ്പോള്‍ ചൈനീസ് രക്തരക്ഷസ് യു.കെയുടെയും യൂറോപ്യന്‍ യൂണിയന്റെയും രക്തമൂറ്റുകയാണ് എന്നാണ് ഈ വര്‍ഷം മേയില്‍ നവാരൊ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ് 245 ശതമാനം തീരുവ ചുമത്തിയിരുന്നു, ഇതോടെ ചൈന യൂറോപ്പുമായി വ്യാപാരം ശക്തമാക്കുകയും യു.എസ് ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം നികുതി ചുമത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നവാരൊയുടെ പ്രതികരണം. പിന്നീട് ഇരുരാജ്യങ്ങളും തീരുവയുടെ കാര്യത്തില്‍ രമ്യതയിലെത്തിയിരുന്നു. താത്ക്കാലികമായി തീരുവ കുറക്കുകയും ചെയ്തു.
Content Highlight: ‘ blood-sucking vampires’; Trump’s advisor insults India and BRICS