എഴുതുമ്പോള്‍ തന്നെ ഞാന്‍ കരഞ്ഞുപോയ ഒന്നാണ് തന്മാത്രയിലെ ആ സീന്‍: ബ്ലെസി
Entertainment
എഴുതുമ്പോള്‍ തന്നെ ഞാന്‍ കരഞ്ഞുപോയ ഒന്നാണ് തന്മാത്രയിലെ ആ സീന്‍: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th June 2025, 2:25 pm

2005ല്‍ മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. അല്‍ഷീമേഴ്സ് എന്ന രോഗാവസ്ഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു ഹിറ്റായി മാറി.

മോഹന്‍ലാല്‍, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ രമേശന്‍ നായര്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി.

തന്മാത്രയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തോട് മകന്‍ താന്‍ ഇന്റര്‍വ്യൂവിന് പോകുകയാണ് എന്ന് പറയുമ്പോള്‍ മോഹന്‍ലാലിന്റെ പ്രതികരണം എല്ലാവരെയും വളരെ പ്രയാസത്തിലാക്കിയെന്നും താന് ആ സീന്‍ കരഞ്ഞുകൊണ്ടാണ് എഴുതിയതെന്നും ബ്ലെസി പറയുന്നു.

വൈകാരികതയിലൂടെ സഞ്ചരിക്കാന്‍ കഴിയുമ്പോഴാണ് കലാരൂപങ്ങളൊക്കെ നമ്മളോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നതെന്നും അതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുന്നത് അങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ബ്ലെസി.

‘തന്മാത്രയില്‍ മകന്‍ വന്നിട്ട് അച്ഛനോട് ഞാന് ഐ.എ.എസിന്റെ ഇന്റര്‍വ്യൂവിന് പോകുകയാണ് എന്ന് പറയുമ്പോള്‍ ‘സാര്‍ ആരാണ്’എന്ന് മോഹന്‍ലാല്‍ ചോദിക്കുന്ന ആ സീന്‍ ആളുകളെ ഭയങ്കരമായി പ്രയാസത്തിലാക്കിയിട്ടുണ്ട്. ഞാന്‍ കരഞ്ഞുകൊണ്ടാണ് അത് എഴുതുന്നത്. ഇങ്ങനെ വൈകാരികതയിലൂടെ നമ്മള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുമ്പോഴാണ് ഈ കലാരൂപങ്ങളൊക്കെ നമ്മളോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്. അതുകൊണ്ട് നമ്മള്‍ക്ക് എന്തെങ്കിലും പ്രയോജനമാകുന്നത് അങ്ങനെയൊക്കെയാണ്. അത് കരച്ചില്‍ മാത്രമല്ല, ചിരിയായാലും മറ്റെന്താണെങ്കിലും,’ ബ്ലെസി പറയുന്നു.

Content Highlight:  Blessy talks about Thanmathra movie