കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ബ്ലെസി. സംവിധായകന്‍ പത്മരാജന്റെ അസിസ്റ്റന്റായി തൂവാനത്തുമ്പികള്‍ എന്ന സിനിമയിലൂടെയാണ് ബ്ലെസി സിനിമാ മേഖലയിലേക്കെത്തിയത്. പത്മരാജന്റെ പ്രിയ ശിഷ്യരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
മമ്മൂട്ടിയെ നായകനാക്കി 2004ല്‍ പുറത്തിറങ്ങിയ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് ബ്ലെസി സ്വതന്ത്ര സംവിധായകനായി കടന്നു വരുന്നത്. ഇപ്പോള്‍ നൊമ്പരത്തിപ്പൂവ് എന്ന പത്മരാജന്‍ – മമ്മൂട്ടി ചിത്രത്തിന് വേണ്ടി താന്‍ ക്ലാപ്പടിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ആദ്യമായി ക്ലാപ്പടിക്കുന്നത് നൊമ്പരത്തിപ്പൂവ് എന്ന സിനിമയിലായിരുന്നു. അതില്‍ മമ്മൂക്കയായിരുന്നു നായകന്‍. എങ്ങനെയാണ് ക്ലാപ്പടിക്കേണ്ടത് എന്ന് എന്നോട് പറയുന്നത് പൂജപ്പുര രാധാകൃഷ്ണന്‍ ചേട്ടനാണ്. ടേക്ക് മാറുന്നതിന് അനുസരിച്ച് നമ്മള്‍ നമ്പര്‍ മാറ്റി പറയണം.
അത് ചെയ്യുമ്പോള്‍ ആകെ കോംപ്ലിക്കേറ്റഡാകും. അന്ന് ആദ്യമായി ഞാന്‍ ക്യാപ്പടിച്ചത് എനിക്ക് ഇന്നും ഓര്‍മയുണ്ട്. മൂന്നാറിലെ എസ്.എന്‍ ടൂറിസ്റ്റ് ഹോമിന്റെ പുറകില്‍ ഒരു മൈതാനമുണ്ട്. അരുവിയോട് ചേര്‍ന്നായിരുന്നു ആ മൈതാനം.
അവിടെ വെച്ച് മമ്മൂക്കയും മാധവിയും കൂടെ സംസാരിച്ച് നടക്കുന്ന സീന്‍ ആയിരുന്നു ആദ്യമായി അന്ന് ചിത്രീകരിച്ചത്. അന്ന് ഞാന്‍ വെപ്രാളത്തോടെയാണ് ക്ലാപ്പടിച്ചത്. അവസാനം പറയേണ്ടതില്‍ തെറ്റുപറ്റി. മൊത്തത്തില്‍ തെറ്റിപോയി.
ഒരു ആര്‍ട്ടിസ്റ്റിന്റെ സംബന്ധിച്ചിടത്തോളം അത് വലിയ ഡിസ്റ്റര്‍ബെന്‍സാണല്ലോ. അറിയാതെ അയാളുടെ മൂഡ് മാറി പോകുമല്ലോ. അന്ന് മമ്മൂക്ക എന്നെ ചീത്ത വിളിച്ചു (ചിരി). ‘മറ്റാരുമില്ലേ ക്ലാപ്പടിക്കാന്‍’ എന്ന് ചോദിച്ച് ചൂടായി.
അന്ന് എനിക്ക് വലിയ പ്രയാസമായി. പിന്നീട് പൂജപ്പുര രാധാകൃഷ്ണന്‍ ചേട്ടനാണ് എനിക്ക് പകരം ക്ലാപ്പടിച്ചത്. ഞാന്‍ പത്മരാജന്‍ സാറിനൊപ്പം ചെയ്യുന്ന രണ്ടാമത്തെ സിനിമയായിരുന്നു അത്. ഈ കാരണത്താല്‍ എന്നെ പറഞ്ഞു വിടുമോയെന്ന് ഞാന്‍ പേടിച്ചിരുന്നു.
ഞാന്‍ സാറിനോട് ചെന്ന് ക്ഷമയൊക്കെ പറഞ്ഞു. പൊതുവേ ഞാന്‍ അധികം സാസാരിക്കുന്ന ആളായിരുന്നില്ല. പതുക്കെ ആയിരുന്നു സംസാരം. മമ്മൂക്കയെ ഞാന്‍ ആദ്യമായിട്ടായിരുന്നു കാണുന്നത്. അതൊക്കെ കൊണ്ടാകും എനിക്ക് ക്ലാപ്പടിക്കുമ്പോള്‍ വെപ്രാളം തോന്നിയത്.
പത്മരാജന്‍ സാറിനോട് സോറി പറഞ്ഞെങ്കിലും സാര്‍ അത് കാര്യമാക്കേണ്ടെന്ന് പറഞ്ഞു. ‘മനസിലാക്കി പഠിച്ചിട്ട് പറഞ്ഞാല്‍ മതി’യെന്നായിരുന്നു സാര്‍ എന്നോട് പറഞ്ഞത്. ഉച്ചയ്ക്കത്തെ ബ്രേക്ക് കഴിഞ്ഞിട്ട് നീ തന്നെ വന്ന് ക്ലാപ്പടിക്കൂവെന്നും പറഞ്ഞു,’ ബ്ലെസി പറയുന്നു.
Contenrt Highlight: Blessy Talks About Nombarathi Poovu Movie Location Experience With Mammootty