അന്ന് മമ്മൂക്ക തിരക്കഥ വാങ്ങിവെച്ചു; അദ്ദേഹം പിന്നീട് പറഞ്ഞ വാക്കുകള്‍ എനിക്ക് വലിയ ഊര്‍ജം നല്‍കി: ബ്ലെസി
Entertainment
അന്ന് മമ്മൂക്ക തിരക്കഥ വാങ്ങിവെച്ചു; അദ്ദേഹം പിന്നീട് പറഞ്ഞ വാക്കുകള്‍ എനിക്ക് വലിയ ഊര്‍ജം നല്‍കി: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd March 2025, 7:51 am

സംവിധായകന്‍ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായി എത്തിയ കാഴ്ച എന്ന ആ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയും നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

2001ലെ ഗുജറാത്ത് ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട് കേരളത്തിലെത്തുന്ന പവന്‍ എന്ന ബാലനെ ചുറ്റിപ്പറ്റിയാണ് കാഴ്ചയെന്ന സിനിമയുടെ കഥ. ചിത്രത്തില്‍ പവന്‍ അഥവാ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രമായി എത്തിയത് യാഷ് ഗാവ്‌ലിയായിരുന്നു. മലയാളം അറിയാത്ത ഗുജറാത്തി ഭാഷ മാത്രം സംസാരിക്കുന്ന കുട്ടിയായിരുന്നു കൊച്ചുണ്ടാപ്രി. ഇപ്പോള്‍ മനോരമ മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ തിരക്കഥ എഴുതിയതിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പറയുകയാണ് ബ്ലെസി.

കാഴ്ചയുടെ സമയത്ത് തിരക്കഥ എഴുതാന്‍ വേണ്ടി ഞാന്‍ പലരെയും സമീപിച്ചിരുന്നു. പക്ഷേ ഒന്നും ഫലം കണ്ടില്ല. ഒടുവില്‍ ഞാന്‍ തിരുവല്ല ഗെസ്റ്റ് ഹൗസില്‍ മുറിയെടുത്ത് എഴുതാനിരുന്നു. ആദ്യത്തെ അഞ്ചു ദിവസം കൊണ്ട് ഫസ്റ്റ് ഹാഫ് എഴുതി.

പത്തുപതിനഞ്ചു ദിവസം കൊണ്ട് മുഴുവന്‍ തിരക്കഥയും പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിച്ചു. തിരക്കഥ ഞാന്‍ മമ്മുക്കക്ക് വായിക്കാന്‍ കൊടുത്തു. ആദ്യത്തെ രണ്ടു സീന്‍ വായിച്ചശേഷം ‘പിന്നീട് ഞാന്‍ വായിച്ചോളാം’ എന്നു പറഞ്ഞ് അദ്ദേഹം തിരക്കഥ വാങ്ങിവെച്ചു.

സിനിമയുടെ അന്‍പതാം ദിവസത്തെ ആഘോഷ ചടങ്ങില്‍ വെച്ച് കാഴ്ചയുടെ തിരക്കഥ പ്രകാശനം ചെയ്തത് മമ്മുക്കയാണ്. അന്ന് അദ്ദേഹം പറഞ്ഞത് ‘ആദ്യ രണ്ട് സീന്‍ വായിച്ചപ്പോള്‍ത്തന്നെ ഈ സിനിമ എങ്ങനെ ആയിരിക്കുമെന്ന് എനിക്കു മനസിലായി. പിന്നെ എനിക്ക് തിരക്കഥ വായിക്കേണ്ടി വന്നിട്ടില്ല’ എന്നാണ്.

അദ്ദേഹത്തിന്റെ ആ വാക്കുകള്‍ നല്‍കിയ ഊര്‍ജം എനിക്ക് വളരെ വലുതാണ്. അങ്ങനെ ആകസ്മികമായി എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞപ്പോഴാണ് നിമിത്തങ്ങളുടെ ഒരു ഘോഷയാത്രയായ കാഴ്ചയെന്ന സിനിമ പിറവിയെടുത്തത്,’ ബ്ലെസി പറയുന്നു.

Content Highlight: Blessy Talks About Kazhcha Movie And Mammootty