പ്രണയത്തില്‍ അനുപം ഖേറിന്റെ വേഷത്തിലേക്ക് തമിഴിലെ ആ ഗായകനെയും പരിഗണിച്ചിരുന്നു: ബ്ലെസി
Entertainment
പ്രണയത്തില്‍ അനുപം ഖേറിന്റെ വേഷത്തിലേക്ക് തമിഴിലെ ആ ഗായകനെയും പരിഗണിച്ചിരുന്നു: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd May 2024, 4:48 pm

ബ്ലെസി സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളിലൊന്നാണ് പ്രണയം. മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവരൊന്നിച്ച മനോഹരമായ പ്രണയകഥയായിരുന്നു സിനിമയുടേത്. എന്നാല്‍ ചിത്രത്തില്‍ അനുപം ഖേര്‍ അവതരിപ്പിച്ച അച്യുതമേനോനായി ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം പിന്മാറിയതിനാല്‍ തമിഴ് ഗായകന്‍ എസ്.പി ബാലസുബ്രഹ്‌മണ്യത്തെ പരിഗണിച്ചുവെന്നും ബ്ലെസി പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

എസ്.പി. ബാലസുബ്രഹ്‌മണ്യം അഭിനയിച്ച കേളെടി കണ്മണി എല്ലാം കണ്ട് അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്നും ആ കഥാപാത്രത്തിന് വേണ്ടി സമീപിച്ചപ്പോള്‍ അദ്ദേഹത്തിന് കഥ ഇഷ്ടമായെന്നും ബ്ലെസി പറഞ്ഞു. എന്നാല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ സമയമെടുത്തതിനാല്‍ അദ്ദേഹം വിദേശത്ത പരിപാടിക്ക് പോയെന്നും പിന്നീടാണ് അനുപം ഖേറിലേക്കെത്തിയതെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

‘പ്രണയം എന്ന സിനിമ എഴുതി തുടങ്ങിയപ്പോള്‍ എന്റെ മനസിലുണ്ടായിരുന്നത് മമ്മൂക്കയായിരുന്നു. അദ്ദേഹത്തിനോട് കഥ പറഞ്ഞപ്പോള്‍ ഓക്കെയായതാണ്. എന്നാല്‍ സ്‌ക്രിപ്റ്റ് പകുതിയായപ്പോള്‍ ഇത് അദ്ദേഹത്തിന് പറ്റില്ല എന്ന് തോന്നി. മമ്മൂക്കയെ സ്‌ക്രിപ്റ്റ് പറഞ്ഞ് കേള്‍പ്പിച്ചപ്പോള്‍ പുള്ളിയും പറഞ്ഞത് ‘പുതിയ ഒരാളെ വെച്ച് ചെയ്‌തോ’ എന്നായിരുന്നു.

പിന്നീട് ഈ കഥാപാത്രം ആര് ചെയ്യുമെന്ന് ആലോചിച്ചപ്പോള്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ മുഖം മനസില്‍ വന്നു. കേളെടി കണ്മണിയിലെ അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ ആരാധകനായാതാണ്. അച്യുതമേനോന്റെ ഊര്‍ജസ്വലതയും ഉത്സാഹവുമെല്ലാം എസ്.പി.ബിയുടെ കൈയില്‍ ഭദ്രമാണെന്ന് എനിക്കുറപ്പായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ ഇഷ്ടമായി, ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകാന്‍ കുറച്ചധികം സമയമെടുത്തു. അപ്പോഴേക്ക് അദ്ദേഹത്തിന് വിദേശത്ത് പരിപാടിക്ക് പോകേണ്ടതായി വന്നു. പിന്നീടാണ് അനുപം ഖേറിലേക്കെത്തുന്നത്,’ ബ്ലെസി പറഞ്ഞു.

Content Highlight: Blessy saying that he considered SP Blasubramanyam for the role of Anupam Kher in Pranayam movie