ശ്രീലങ്കയുടെ സിംബാബ്‌വന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കി ആതിഥേയര്‍ മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു സിംബാബ്‌വേയുടെ വിജയം.
ശ്രീലങ്ക ഉയര്‍ത്തിയ 81 റണ്‍സിന്റെ വിജയലക്ഷ്യം 34 പന്ത് ശേഷിക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരമവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും ഷെവ്‌റോണ്‍സിനായി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ക്യാപ്റ്റന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഒന്നടങ്കം നിരാശപ്പെടുത്തിയപ്പോള്‍ ശ്രീലങ്ക വെറും 80 റണ്‍സിന് പുറത്തായി. ലങ്കയുടെ ടി-20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത് സ്‌കോറാണ് ഹരാരെയില്‍ പിറന്നത്.
20 പന്തില്‍ 20 റണ്‍സടിച്ച കാമില്‍ മിശ്രയാണ് ടോപ് സ്‌കോറര്‍. മിശ്രയടക്കം മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്.
ആതിഥേയര്‍ക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ബ്രാഡ് ഇവാന്‍സും മൂന്ന് വിക്കറ്റ് വീതം നേടി. ബ്ലെസിങ് മുസബരാനി രണ്ട് വിക്കറ്റും ഷോണ്‍ വില്യംസ് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ദുഷന്‍ ഹേമന്ത് റണ്‍ ഔട്ടായും മടങ്ങി.
മത്സരത്തിലെ രണ്ട് വിക്കറ്റുകള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംബാബ്‌വേക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ് മുസരബാനി. കരിയറില്‍ 213 വിക്കറ്റുകളാണ് നാഷണല്‍ ജേഴ്‌സിയില്‍ താരം സ്വന്തമാക്കിയത്.
ഇതിഹാസ താരം ഹീത്ത് സ്ട്രീക്ക് ഒന്നാമതുള്ള പട്ടികയില്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് രണ്ടാമന്‍
സിംബാബ്‌വേക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍
(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഹീത് സ്ട്രീക് – 286 – 453
സിക്കന്ദര്‍ റാസ – 249 – 219
ബ്ലെസിങ് മുസരബാനി – 151 – 213
ഗ്രഹാം ക്രെമര്‍ – 150 – 211
ടെന്‍ഡായ് ചതാര – 165 – 206
റേ പ്രൈസ് – 150 – 193
റിച്ചാര്‍ഡ് എന്‍ഗരാവ – 141 – 180
148 മത്സരത്തിലെ 151 ഇന്നിങ്‌സില്‍ നിന്നുമാണ് മുസരബാനി 213 വിക്കറ്റ് നേടിയത്. 27.21 ശരാശരിയിലും 34.12 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. കരിയറില്‍ ഏഴ് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മുസരബാനി നാല് തവണ അഞ്ച് വിക്കറ്റ് നേട്ടവും തന്റെ പേരില്‍ കുറിച്ചു.
ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലാണ് താരം ഏറ്റവുമധികം വിക്കറ്റ് നേടിയത്. 82 വിക്കറ്റുകള്‍. ഏകദിനത്തില്‍ 70 വിക്കറ്റ് നേടിയ താരം അന്താരാഷ്ട്ര റെഡ് ബോള്‍ മത്സരങ്ങളില്‍ നിന്നായി 61 വിക്കറ്റുകളും സ്വന്തമാക്കി.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ എളുപ്പത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. താഷിംഗ മുസേവിക (14 പന്തില്‍ പുറത്താകാതെ 21), റയാന്‍ ബേള്‍ (22 പന്തില്‍ പുറത്താകാതെ 20), ബ്രയാന്‍ ബെന്നറ്റ് (23 പന്തില്‍ 19), താഡിവനാഷെ മരുമാനി (12 പന്തില്‍ 17) എന്നിവരാണ് ഷെവ്റോണ്‍സിന്റെ വിജയത്തിന് അടിത്തറയൊരുക്കിയത്.