എണ്‍പത് കോടിയില്‍ സിംഹഭാഗവും കേരളത്തില്‍ നിന്ന്; ബ്ലാസ്റ്റിനെ ഏറ്റെടുത്ത് മലയാളികള്‍
Indian Cinema
എണ്‍പത് കോടിയില്‍ സിംഹഭാഗവും കേരളത്തില്‍ നിന്ന്; ബ്ലാസ്റ്റിനെ ഏറ്റെടുത്ത് മലയാളികള്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 5th July 2026, 8:35 pm

താരമൂല്യത്തെക്കാള്‍ സിനിമയുടെ മൂല്യത്തിന് വില കല്‍പിക്കുന്ന പ്രേക്ഷകരാണ് മലയാള സിനിമയില്‍ ഭൂരിഭാഗവും. തങ്ങളുടെ ഇഷ്ട നടന്മാരുടെ ചിത്രങ്ങളാണെങ്കില്‍ മാത്രം പിന്തുണക്കുന്ന ഇന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ നല്ല ചിത്രങ്ങളെയെല്ലാം ഇരു കൈയും നീട്ടി മലയാളികള്‍ സ്വീകരിക്കാറുണ്ട്. നവാഗത സംവിധായകനായ സവിന്‍ സായുടെ വാഴ 2 എന്ന ചിത്രത്തിന് ലഭിച്ച വിജയം മലയാളികളുടെ ഈ മനോഭാവം പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ടത് ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഹാഷിര്‍, അലന്‍, വിനായക്, അജിന്‍, ദേവരാജ് തുടങ്ങിയവരാണെങ്കിലും കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിട്ടായിരുന്നു വാഴ 2 തിയേറ്റര്‍ വിട്ടത്. എന്നാല്‍ മലയാള ചിത്രങ്ങളെ മാത്രമല്ല, മികച്ച പ്രതികരണം നേടുന്ന അന്യഭാഷ ചിത്രങ്ങളെയും ഇത്തരത്തില്‍ മോളിവുഡിലെ പ്രേക്ഷകര്‍ ട്രീറ്റ് ചെയ്യാറുണ്ട്.

ബ്ലാസ്റ്റ്. Photo: X.com

മെയ് 28ന് പുറത്തിറങ്ങിയ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആക്ഷന്‍ ചിത്രം ബ്ലാസ്റ്റ് ആണ് ഇത്തരത്തില്‍ മലയളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ തമിഴ് ചിത്രം. നവാഗത സംവിധായകന്‍ സുബാഷ്.കെ.രാജ് സംവിധാനം ചെയ്ത് അര്‍ജുന്‍ സര്‍ജ, അഭിരാമി, പ്രീതി മുകുന്ദന്‍, തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം വലിയ വിജയമാണ് ആഗോളതലത്തില്‍ സ്വന്തമാക്കിയത്. ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം 80 കോടിയോളം സ്വന്തമാക്കി ബ്ലോക്ക്ബസ്റ്റര്‍ പദവി നേടിയെടുത്തപ്പോള്‍ ഇതില്‍ പതിനഞ്ച് കോടിയോളം കേരള ബോക്‌സ് ഓഫീസില്‍ നിന്നുമാണ് നേടിയിരിക്കുന്നത് എന്ന കണക്കാണ് കൗതുകകരം.

തമിഴ്‌നാട്ടില്‍ നിന്നല്ലാതെ ഒരു അന്യഭാഷ ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രത്തിന് കിട്ടുന്ന ഏറ്റവും മികച്ച കളക്ഷനും കേരളത്തിലേതാണ്. ചിത്രമിറങ്ങി ആദ്യ ദിവസങ്ങളില്‍ ചെറിയ കളക്ഷനായിരുന്നു കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ലഭിച്ചതെങ്കിലും പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രം മികച്ച കളക്ഷന്‍ സ്വന്തമാക്കുകയായിരുന്നു. ചിത്രത്തിലെ പല ആക്ഷന്‍ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തതോടെയാണ് പതിനഞ്ച് കോടിയിലധികം ബ്വാസ്റ്റ് കേരളത്തില്‍ നിന്നും സ്വന്തമാക്കിയത്. 18 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ആഗോള തലത്തില്‍ 80 കോടി നേടിയതോടെ മികച്ച വിജയം ചിത്രം സ്വന്തമാക്കുകയായിരുന്നു.

ബ്ലാസ്റ്റ്. Photo: X.com

അതേസമയം മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ജയറാമും നടി ഉര്‍വശിയും കേന്ദ്രകഥാപാത്രങ്ങളായി പുറത്തിറങ്ങിയ തമിഴ് ചിത്രം പരിമള ആന്‍ഡ് കോയ്ക്ക് കേരളത്തില്‍ നിന്നും ഒരു കോടി പോലും സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ലെന്ന കണക്കുകള്‍ കൂടെ ചേര്‍ത്ത് വായിക്കുമ്പോഴാണ് ബ്ലാസ്റ്റിന്റെ വിജയത്തിന്റ വലിപ്പം മനസിലാകുന്നത്.

Content Highlight: Blast gets 15 crores Kerala Box office alone

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.