ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം രുചിച്ച് ബി.ജെ.പി. ആകെയുള്ള 70ല്‍ 48 മണ്ഡലത്തിലും ബി.ജെ.പി ജയിച്ചു.
ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. സംസ്ഥാനത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് മൂന്നാം തവണയും ദല്‍ഹിയില്‍ സീറ്റുകള്‍ ഒന്നും തന്നെ നേടാനായില്ല.
എന്നാല്‍ പ്രധാനപ്പെട്ട സീറ്റുകള്‍ നിലനിര്‍ത്തിയെങ്കിലും, ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളും ആം ആദ്മിയുടെ രണ്ടാംമുഖമെന്ന് വിശേഷിപ്പിക്കുന്ന മനീഷ് സിസോദിയയും തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിടുകയാണ് ഉണ്ടായത്.
4089 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ പര്‍വേഷ് സിങിനോട് കെജ്‌രിവാള്‍ തോല്‍ക്കുകയായിരുന്നു. 30088 വോട്ടാണ് പര്‍വേഷ് ആകെ നേടിയത്. ജങ്പുരയില്‍ 675 വോട്ടുകള്‍ക്കാണ് സിസോദിയ തോല്‍വി നേരിട്ടത്. 38859 വോട്ടുകളുമായി ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ് മര്‍വ ജങ്പുര പിടിച്ചെടുക്കുകയായിരുന്നു.
മുഖ്യമന്ത്രി അതിഷി മെര്‍ലേന അവസാനഘട്ടത്തില്‍ നേരിയ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് കല്‍ക്കാജിയില്‍ വിജയിച്ചത്. 3521 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയുടെ രമേശ് ബിധുരിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അതിഷി ആശ്വാസ വിജയം നേടിയത്.
അതേസമയം തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവന്നതോടെ, സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി ആരാണെന്നതില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
ദല്‍ഹിയിലെ വിജയത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് കെജ്‌രിവാള്‍ പ്രതികരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം ഒരു പാഠമാണെന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ദല്‍ഹിയില്‍ ഒരേ മുന്നണിയിലിരിക്കെ കോണ്‍ഗ്രസും എ.എ.പിയും പരസ്പരം മത്സരിച്ചത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.
Content Highlight: BJP won 48 out of 70 seats in Delhi