കൊൽക്കത്ത: ബി.ജെ.പിയെ ഇന്ത്യ ഭരിക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഈ വർഷം നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം പ്രതിപക്ഷം ദൽഹിയിൽ വിജയം നേടണമെന്നും മമത ബാനർജി പറഞ്ഞു.
ഐ.പി.എ.സി റെയ്‌ഡിനെതിരെ കൊൽക്കത്തയിൽ നടക്കുന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.
മഹാരാഷ്ട്രയിലെ ജനവിധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബി.ജെ.പി മോഷ്ടിച്ചെന്നും ഇപ്പോൾ ബംഗാളിൽ യഥാർത്ഥ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കി എസ്.ഐ.ആർ വഴി അത് ആവർത്തിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് അവർ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചു.
ബംഗാളിൽ റോഹിംഗ്യകൾ ഉണ്ടെന്ന് അവർ പറയുന്നു. പക്ഷേ റോഹിംഗ്യകൾ ഇല്ലാത്ത അസമിൽ എന്തുകൊണ്ടാണ് എസ്.ഐ.ആർ നടത്താത്തതെന്നും മമത ചോദിച്ചു.
ബംഗാളിയിൽ സംസാരിച്ചാൽ, അവർ ജനങ്ങളെ ബംഗ്ലാദേശിയായി പ്രഖ്യാപിക്കുന്നെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ചെയ്തതുപോലെ, ബംഗാളിലും അധികാരത്തിൽ വരാൻ ശ്രമിക്കുന്നതിനാലാണ് ബി.ജെ.പി ഇതെല്ലാം ചെയ്യുന്നതെന്നും പക്ഷേ അത് സാധ്യമല്ലെന്നും മമത പറഞ്ഞു.
‘അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് ചെയർപേഴ്‌സൺ എന്ന നിലയിൽ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എനിക്ക് എന്നെത്തന്നെ സംരക്ഷിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്തുകൊണ്ടാണ് അവർ കള്ളന്മാരെപ്പോലെ വന്നത്? ഞങ്ങൾ അധികാരപ്പെടുത്തിയ ഐ.പി.എ.സി ഓഫീസിൽ നിന്ന് അവർ ഞങ്ങളുടെ പാർട്ടിയുടെ രഹസ്യ ഡാറ്റ മോഷ്ടിച്ചു,’ അവർ പറഞ്ഞു.
തന്നെ ലക്ഷ്യം വെച്ചാൽ ബി.ജെ.പിയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ വെളിപ്പെടുത്തുമെന്നും മമത മുന്നറിയിപ്പ് നൽകി.
‘ഞാൻ ഇപ്പോഴു അധികാരത്തിലിരിക്കുന്നത് നിങ്ങളുടെ ഭാഗ്യമാണ്. അതുകൊണ്ടാണ് ഞാൻ പെൻഡ്രൈവുകൾ വെളിപ്പെടുത്താത്തത്. നിങ്ങൾ എന്നെ ലക്ഷ്യം വെക്കാൻ ശ്രമിച്ചാൽ ആ വിവരങ്ങൾ പരസ്യമാക്കും. എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം. രാജ്യത്തിൻറെ താത്പര്യം കണക്കിലെടുത്ത് അവ പറയാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ മമത പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു മമത ബാനര്‍ജിയെ ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ടി.എം.സിയുടെ തെരഞ്ഞെടുപ്പ് കണ്‍സള്‍ട്ടന്റായ ഐ-പാക്കിന്റെ ഓഫീസിലും സ്ഥാപന മേധാവി പ്രതീക് ജെയ്നിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.
റെയ്ഡ് നടക്കുന്നതിനിടെ മമത ഐ-പാക്കിലെത്തിയത് നാടകീയസംഭവങ്ങള്‍ക്ക് കാരണമായിരുന്നു. ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ ടി.എം.സി പ്രവര്‍ത്തകര്‍ ഇ.ഡിക്കെതിരെ പ്രതിഷേധം നടത്തി.
തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ബി.ജെ.പിക്കെതിരെയും മമത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ അടക്കം ചോര്‍ത്താനാണ് ഇ.ഡി ഐ-പാക്കിലെത്തിയതെന്നായിരുന്നു മമതയുടെ ആരോപണം.
Content Highlight: BJP will not be allowed to rule India; Mamata Banerjee at rally against IPAC raid