തൃശൂര്‍: യു.ഡി.എഫ് തരംഗം ആഞ്ഞടിച്ച 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മാത്രം ഒന്നാമതെത്തി അതിശയിപ്പിച്ച ബി.ജെ.പിക്ക് ഒരു വര്‍ഷത്തിനിപ്പുറം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ സംശയമുന്നയിച്ച് സി.പി.ഐ നേതാവ് വി.എസ്. സുനില്‍ കുമാര്‍.
2024ല്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 412338 വോട്ടുകള്‍ നേടിയാണ് എന്‍.ഡി.എ ഒന്നാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ 2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് ഈ മണ്ഡലത്തില്‍ നിന്നും ആകെ നേടാനായത് 220303 വോട്ടാണ്.
രണ്ടാം സ്ഥാനത്ത് 337652 വോട്ടുകള്‍ നേടി എല്‍.ഡി.എഫും 328124 വോട്ടുകള്‍ നേടി യു.ഡി.എഫ് മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 412642 വോട്ടുകള്‍ നേടി എല്‍.ഡി.എഫ് ഒന്നാം സ്ഥാനത്തെത്തി.
രണ്ടാം സ്ഥാനത്ത് 390083 വോട്ടുകള്‍ നേടിയ യു.ഡി.എഫാണ്. 2024 ല്‍ ഒന്നാം സ്ഥാനത്തായിരുന്ന എന്‍.ഡി.എ 220303 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണെന്ന് അഖില്‍ രൂപ് അനിലാദേവി ഫേസ്ബുക്കില്‍ പങ്കിട്ട കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പോസ്റ്റ് പങ്കുവെച്ചാണ് വി.എസ് സുനില്‍ കുമാര്‍ ചോദ്യമുയര്‍ത്തിയിരിക്കുന്നത്.
അന്ന് കേരളത്തില്‍ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ എന്‍.ഡി.എയുടെ വിജയത്തിന് പിന്നാലെ എവിടെ നിന്നാണ് എന്‍.ഡി.എയ്ക്ക് തൃശൂരില്‍ ഇത്ര അധികം വോട്ടുകള്‍ കിട്ടിയതെന്ന ചോദ്യമുയര്‍ന്നിരുന്നു. ആ ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
2024 ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നാമത് നിന്ന് ഒന്നാമത് എത്തി എന്‍.ഡി.എ നേടിയ വിജയം കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചതായിരുന്നു.
2019 ല്‍ മൂന്നാം സ്ഥാനത്തു നിന്നിരുന്ന എന്‍.ഡി.എ, എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും മറികടന്നു കൊണ്ട് തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ 412338 വോട്ടുകള്‍ നേടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.
രണ്ടാം സ്ഥാനത്ത് 337652 വോട്ടുകള്‍ നേടി എല്‍.ഡി.എഫും 328124 വോട്ടുകള്‍ നേടി യു.ഡി.എഫും മൂന്നാം സ്ഥാനത്തുമാണ് ഉണ്ടായത്. അന്ന് കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്തത് എവിടെ നിന്നാണ് അല്ലെങ്കില്‍ എങ്ങിനെ ആണ് എന്‍.ഡി.എ തൃശ്ശൂരില്‍ മാത്രം ഇത്ര വോട്ടുകള്‍ വന്നത് എന്നായിരുന്നു.
കേരളത്തില്‍ എല്ലായിടത്തും യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ തൃശ്ശൂരില്‍ മാത്രം എന്‍.ഡി.എക്ക് ഇത്ര അധികം വോട്ടുകള്‍ വന്നു എന്നത് അതിശയകരമായ കാര്യം ആയിരുന്നു. അതിനുശേഷം ഒരു വര്‍ഷം പൂര്‍ത്തീകരിച്ചപ്പോള്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 412642 വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ട്.
രണ്ടാം സ്ഥാനത്ത് 390083 വോട്ടുകള്‍ നേടി യു.ഡി.എഫും 2024 ല്‍ ഒന്നാം സ്ഥാനത്തായിരുന്ന എന്‍.ഡി.എ 220303 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തുമാണ്. 2024 ല്‍ രാഷ്ട്രീയ കേരളം ചോദിച്ച ഒരു ചോദ്യം ഉണ്ട് ‘ എവിടെ നിന്നാണ് എന്‍.ഡി.എയ്ക്ക് തൃശൂരില്‍ ഇത്ര അധികം വോട്ടുകള്‍ കിട്ടിയതെന്ന്. ഇന്ന് ഒരു ചോദ്യത്തിന് കൂടി പ്രസക്തി ഉണ്ട്’ എന്‍.ഡി.എയ്ക്ക് കിട്ടിയ വോട്ടുകള്‍ എവിടെ പോയി’ എന്ന്.
Content Highlight: BJP, which came first in the Lok Sabha, is now third after a year; Where are the votes asks VS Sunil Kumar