ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് കേരളത്തെ കൊലപാതക പരമ്പരയിലേക്ക് നയിക്കുന്നത്: കെ. സുരേന്ദ്രന്‍
Kerala News
ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് കേരളത്തെ കൊലപാതക പരമ്പരയിലേക്ക് നയിക്കുന്നത്: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th April 2022, 4:54 pm

തിരുവനന്തപുരം: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

കൊലപാതകത്തിന് മുമ്പ് പൊലീസ് വേണ്ട മുന്‍കരുതല്‍ എടുത്തില്ലെന്നും പൊലീസിന് വീഴ്ച പറ്റിയെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്നും ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘പാലക്കാട് മുഴുവന്‍ അക്രമം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ എല്ലാ ശ്രമങ്ങളും പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകമുണ്ടായ സ്ഥലത്ത് നേരത്തെ വര്‍ഗീയ സംഘര്‍ഷം നടന്നിട്ടുണ്ട്.

അവിടെ പൊലീസ് ജാഗ്രത എടുക്കാന്‍ തയാറാകാത്തതാണ് ഇങ്ങനെയൊരു കൊലപാതകമുണ്ടാവാന്‍ കാരണമായത്. നിരപരാധിയായ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ് അതിധാരുണമായി കൊല്ലപ്പെട്ടത്.

പൊലീസിന് കാര്യങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണകളുണ്ടായിരുന്നു. പരിശീലനം നേടിയ ക്രിമിനലുകള്‍ കേരളത്തിലെ റോഡുകളിലൂടെ റോന്ത് ചുറ്റുന്നുണ്ടെന്ന് പൊലീസിന് അറിയാമായിരുന്നു. പക്ഷേ ഒരു ജാഗ്രത നടപടിയും ഉണ്ടായില്ല. പട്ടാപ്പകള്‍ പൊലീസ് സ്റ്റേഷന്റെ അടുത്താണ് ഈ അക്രമം നടന്നത്. എന്തെടുക്കുകയായിരുന്നു കേരളത്തിലെ പൊലീസ്.

1000 ത്തോളം പൊലീസുകാരെ ജില്ലയിലുടനീളം വിന്യസിച്ചു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. വര്‍ഗീയ സംഘര്‍ഷമുണ്ടായ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചില്ല എന്ന് പറയുമ്പോള്‍ എന്താണ് മനസിലേക്കേണ്ടത്. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്ന് തരിപ്പണമായി. ഭീകരവാദികളുടെ ഭീഷണിക്ക് മുന്നില്‍ പൊലീസ് മുട്ടുമടക്കിയിരിക്കുകയാണ്,’ സുരേന്ദ്രന്‍ പറഞ്ഞു.

‘ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഈ കൊലപാതകപരമ്പരകളിലേക്ക് കേരളത്തെ നയിക്കുന്നത്. സര്‍ക്കാരും പൊലീസും ഭീകരവാദികള്‍ക്ക് കൊല്ലാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണോ എന്ന് സംശയമുണ്ട്. സമാധാനപരമായി ഈ ഭീകരവാദ ശക്തികളെ നേരിടാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കേണ്ട കാലമാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണം,’ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP state president K Surendran has criticized the state government and the police in the murder of Palakkad RSS worker Srinivasan