മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി ആഭ്യന്തര വകുപ്പും മന്ത്രിയും മാറി: ഷാഫി പറമ്പില്‍
Kerala News
മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി ആഭ്യന്തര വകുപ്പും മന്ത്രിയും മാറി: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th April 2022, 3:48 pm

പാലക്കാട്: മേലാമുറിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റേയും എലപ്പുള്ളയിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റേയും കൊലപാതകത്തിന് പിന്നാലെ വിമര്‍ശനമുന്നയിച്ച് പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി ആഭ്യന്തര വകുപ്പും മന്ത്രിയും മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.

‘നാടിന്റെ ശാപമായ ആര്‍.എസ്.എസും- എസ്.ഡി.പി.ഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണ്. വര്‍ഗീയ കോമരങ്ങള്‍ ഒരു ജനതയുടെ സൈ്വര്യ ജീവിതത്തെ വെല്ലുവിളിക്കുമ്പോള്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയാത്ത പോലീസിന്റെ ദയനീയ പരാജയം കൂടി ചേര്‍ന്ന് പാലക്കാടിനെ വലിയ ആശങ്കയിലാഴ്ത്തുന്നു.

ആഭ്യന്തര വകുപ്പും മന്ത്രിയും മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി മാറി. ഇവരുടെ സംഘടനാ രൂപം വെച്ച് നമ്മുക്കറിയാം അറിവോടെയാണ് ഈ കൊലപാതകങ്ങള്‍ നടക്കുന്നത്. ഈ ഭീകര സംഘടനകളുടെ തലപ്പത്തിരുന്ന് ഭാര്യയുടെ മുന്നിലും അച്ഛന്റെ മുന്നിലുമിട്ട് ആളെ കൊല്ലാന്‍ ഉത്തരവിടുന്ന നേതൃത്വത്തെ പിടിക്കാന്‍ പോലീസ് മടിക്കുന്നു. അവരറിയാതെ ഇത് നടക്കില്ല.
പാലക്കാടന്‍ ജനത ഒറ്റക്കെട്ടായി ഈ അക്രമ പരമ്പരകളെയും ഉത്തരവാദികളെയും
ജനങ്ങളെ വിഭജിക്കുവാനുള്ള അവരുടെ ശ്രമങ്ങളെയും പരാജയപ്പെടുത്തും,’ ഷാഫി പറമ്പില്‍ പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങളും വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മുന്നില്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നു. വര്‍ഗീയ ശക്തികളായ എസ്.ഡി.പി.ഐയും ആര്‍.എസ്.എസും അഴിഞ്ഞാടുകയാണ്.

സോഷ്യല്‍ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ പരിണിതഫലമാണിത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമില്ല. ഭയന്നാണ് കേരളം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചോരപ്പുഴയായി കേരളസംസ്ഥാനം മാറുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥന്‍ പറഞ്ഞു. ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയാതെ കേരളത്തിന്റെ മുഖ്യമന്ത്രിയും കൂട്ടരും ഒന്നാം വാര്‍ഷിക ആഘോഷത്തില്‍ മുഴങ്ങിയിരിക്കുകയാണ്. ഒരു വര്‍ഷത്തെ നേട്ടങ്ങളുടെ പട്ടികയില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്ക് കൂടി ചേര്‍ക്കുമല്ലോ എന്നും ശബരിനാഥന്‍ ഫേസ്ബുക്കില്‍ എഴുതി.

കേരളത്തിലെ ക്രമസമാധാനനില സുരക്ഷിതമാക്കേണ്ട പൊലീസ് സേന കാഴ്ചക്കാരാകുന്നു എന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഫേസ്ബുക്കില്‍ എഴുതിയത്. ക്രമസമാധാനം പരിപാലിക്കാന്‍ കഴിയാത്ത പൊലീസ് സേനയില്‍ നിന്ന് ക്രമസമാധാന ചുമതല എടുത്ത് ഒഴിവാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുക, ആഭ്യന്തരവകുപ്പ് കഴിവുള്ള ആരെയെങ്കിലും ഏല്‍പ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വാഴയുടെ ചിത്രം പങ്കുവെച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ ടി. സിദ്ദീഖ് എം.എല്‍.എ പരിഹസിച്ചത്.\