ഡി.വൈ.എഫ്.ഐ എസ്.ഡി.പി.ഐയില്‍ നിന്നും ലവ് ജിഹാദിന്റെ നേതൃത്വം ഏറ്റെടുക്കുന്നു: ബി.ജെ.പി
Kerala News
ഡി.വൈ.എഫ്.ഐ എസ്.ഡി.പി.ഐയില്‍ നിന്നും ലവ് ജിഹാദിന്റെ നേതൃത്വം ഏറ്റെടുക്കുന്നു: ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th April 2022, 8:42 am

കോഴിക്കോട്: എസ്.ഡി.പി.ഐയില്‍ നിന്നും ലവ് ജിഹാദിന്റെ നേതൃത്വം ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുന്നുവെന്ന് ബി.ജെ.പി വക്താവ് ജോര്‍ജ് കുര്യന്‍. കോഴിക്കോട് കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ മിശ്രവിവാഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബി.ജെ.പി വക്താവിന്റെ പ്രതികരണം.

മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചയായിലായിരുന്നു ജോര്‍ജ് കുര്യന്‍ പ്രസ്താവന നടത്തിയത്.

‘ഡി.വൈ.എഫ്.ഐ എസ്.ഡി.പി.ഐയില്‍ നിന്നും ലവ് ജിഹാദിന്റെ നേതൃത്വം ഏറ്റെടുക്കുന്നു. ഞങ്ങള്‍ വീണ്ടും പറയുന്നു ഈ പരിവര്‍ത്തനം, അത് ഇസ്‌ലാമിലേക്കല്ല അത് ഭീകരതയിലേക്കാണ്.

അതുകൊണ്ടാണ് ഈ കേരളത്തില്‍ നിന്നും 21 പേര്‍ ഐ.എസ്സിലേക്ക് പോയത്. അതിന് ശേഷമല്ലേ റിയാക്ഷനുണ്ടായത്. ആരും അറിഞ്ഞിരുന്നില്ലല്ലോ? ആ കുടുംബമല്ലേ പൊലീസിനോട് പറഞ്ഞത്. ആ കുടുംബമെന്ന് പറഞ്ഞാല്‍ യഥാര്‍ത്ഥ മുസ്‌ലിങ്ങളാണ്. അവര്‍ പറഞ്ഞു ഞങ്ങളുടെ കുടുംബത്തില്‍ നിന്നുള്ളവര്‍ ഭീകരതയിലേക്ക് പോയിരിക്കുകയാണ് എന്ന്.

അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് ഇത് രണ്ട് മതങ്ങളുടെ വിഷയമല്ല, ഇത് ഭീകരതയിലേക്ക് ജനങ്ങളെ റിക്രൂട്ട് ചെയ്യുന്ന ഒരു പ്രക്രിയയാണ്. അതുകൊണ്ടാണ് ബി.ജെ.പി പറയുന്നത് വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനവും മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള വിവാഹവും നിരോധിക്കണം എന്ന് പറയുന്നത്,’ ജോര്‍ജ് കുര്യന്‍ പറഞ്ഞു.

നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തില്‍ പാലാ ബിഷപ്പിനെതിരെ കേസെടുത്തതുപോലെ സി.പി.ഐ.എം നേതാവ് ജോര്‍ജ് എം. തോമസിനെതിരെ ലവ് ജിഹാദ് പരാമര്‍ശത്തില്‍ കേസെടുക്കേണ്ടതല്ലേ എന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയും ജോര്‍ജ് കുര്യന്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.

ലവ് ജിഹാദ് നിയമം മൂലം നിരോധിക്കണമെന്നാവശ്യപ്പെട്ട് താന്‍ അമിത് ഷായ്ക്ക് കത്തയച്ചിരുന്നുവെന്നും എന്നാല്‍ ലവ് ജിഹാദ് എന്താണെന്ന് നിര്‍വചിക്കാത്തതിനാല്‍ നിരോധിക്കാന്‍ ആവില്ലെന്നുമായിരുന്നു മറുപടി ലഭിച്ചെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.

ലവ് ജിഹാദിന് നിര്‍വചനം നിര്‍മിക്കണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതിനെതിരെ നിയമം നിര്‍മിക്കാന്‍ അധികാരമുള്ളതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഈ അധികാരമുപയോഗിച്ചാണ് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങല്‍ ഇതിനെതിരെ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ചയായിരുന്നു സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജോര്‍ജ് എം. തോമസ് ലവ് ജിഹാദ് പരാമര്‍ശം നടത്തിയത്.

എന്നാല്‍, ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന കേരളത്തിലെ പാര്‍ട്ടി പരിശോധിക്കുമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ലവ് ജിഹാദ് പ്രചരണത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്നുണ്ട്. ആ തെരെഞ്ഞെടുപ്പ് ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്. ഒരാള്‍ തെരഞ്ഞെടുക്കുന്ന പങ്കാളി മറ്റൊരു മതവിഭാഗത്തില്‍ പെട്ടതാണെങ്കില്‍ അത് ലവ് ജിഹാദാണെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ല.


എന്താണ് ഈ ലവ് ജിഹാദ്. ഇന്റര്‍കാസ്റ്റ് വിവാഹവും ഇന്‍ര്‍ഫെയ്ത്ത് വിവാഹവും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? ഒരു മതവിഭാഗത്തിലുള്ള വ്യക്തി മറ്റൊരു മതവിഭാഗത്തില്‍ പെട്ട വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല,’ യെച്ചൂരി പറഞ്ഞു. തന്റെ പ്രസ്താവന നാക്കുപിഴയാണന്ന് മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസും പറഞ്ഞിരുന്നു.

 

Content Highlight: BJP spokesperson says DYFI takes over the leadership of Love Jihad from SDPI