'ഇവര്‍ക്കൊരു നാണവുമില്ലേ ഞങ്ങളുടെ നേതാക്കളെ സമീപിക്കാന്‍' ബി.ജെ.പി കുതിരക്കച്ചവടത്തിന്റെ വിവരം പുറത്തുവന്നതിനു പിന്നാലെ സിദ്ധരാമയ്യ
national news
'ഇവര്‍ക്കൊരു നാണവുമില്ലേ ഞങ്ങളുടെ നേതാക്കളെ സമീപിക്കാന്‍' ബി.ജെ.പി കുതിരക്കച്ചവടത്തിന്റെ വിവരം പുറത്തുവന്നതിനു പിന്നാലെ സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th December 2018, 10:36 am

 

ബംഗളുരു: തങ്ങളുടെ എം.എല്‍.എമാരെ സമീപിക്കാന്‍ ബി.ജെ.പിക്ക് നാണമില്ലേയെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി എം.എല്‍.എമാരെ കുതിരക്കച്ചവടത്തിലൂടെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഞങ്ങളുടെ നേതാക്കളെ സമീപിക്കാന്‍ ഇവര്‍ക്ക് നാണമില്ലേ? കോണ്‍ഗ്രസില്‍ യാതൊരു അഭിപ്രായ ഭിന്നതകളുമില്ല.” അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നല്‍കാമെന്നേറ്റ പണത്തിന്റെ ഉറവിടമെവിടെയെന്നു വ്യക്തമാക്കാനും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ” ഒരിക്കല്‍ അവര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതാണ്. ഇപ്പോള്‍ പണത്തിന്റെ ശക്തിയില്‍ അവര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.” അദ്ദേഹം ആരോപിച്ചു.

Also Read:ബുലന്ദ്ശഹര്‍ കലാപം; ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ്ങിനെ വെടിവെച്ചത് മുന്‍ സൈനികനെന്ന് റിപ്പോര്‍ട്ട്

ബെല്ലാരി എം.പി ബി ശ്രീരാമലൂവിന്റെ വിശ്വസ്തനും ദുബായ് ആസ്ഥാനമാക്കിയുള്ള ബിസിനസുകാരനും തമ്മില്‍ നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നുമായി 10-11 എം.എല്‍.എമാര്‍ കൂറുമാറാന്‍ തയ്യാറാണെന്ന് ഇരുവരും പറയുന്നു. 20-25 കോടിരൂപയും മന്ത്രി സ്ഥാനവുമാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ ഇത് സംഭവിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്.

കോണ്‍ഗ്രസ് എം.എല്‍.എയായ സതീഷ് ജര്‍ഖിയോളി ബെല്‍ഗാവിയിലുള്ള ഒരു റിസോര്‍ട്ട് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ഇതിനൊപ്പം പുറത്തു വന്നിരുന്നു. ഇത് കോണ്‍ഗ്രസിലെ വിമത എം.എല്‍.എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കാനുള്ള നീക്കമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

വിമത നീക്കം നടത്തിയിട്ടില്ലെന്ന് സതീഷ് പ്രതികരിച്ചെങ്കിലും ചുരുങ്ങിയത് എട്ടു വിമത എം.എല്‍.എ മാരെങ്കിലും കോണ്‍ഗ്രസിനകത്തുണ്ടെന്ന് സതീഷ് പറഞ്ഞു. താന്‍ അതില്‍പ്പെട്ടയാളല്ലെന്നും സതീഷ് പറഞ്ഞു.