'നിങ്ങള്‍ക്ക് കവല യോഗം നടത്തി പ്രസംഗിച്ചാല്‍ പോരെ'; ലക്ഷദ്വീപ് പ്രമേയം പരിഹാസ്യമെന്ന് കെ. സുരേന്ദ്രന്‍
Kerala News
'നിങ്ങള്‍ക്ക് കവല യോഗം നടത്തി പ്രസംഗിച്ചാല്‍ പോരെ'; ലക്ഷദ്വീപ് പ്രമേയം പരിഹാസ്യമെന്ന് കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st May 2021, 1:22 pm

കണ്ണൂര്‍: ലക്ഷദ്വീപ് പ്രശ്‌നത്തില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയത് പരിഹാസ്യമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭ ദുരുപയോഗം ചെയ്യുന്നത് അപക്വമാണെന്നും കേരളത്തിന് ഇതിന് അധികാരമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

‘കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെടാത്ത ഒരു കേന്ദ്ര ഭരണപ്രദേശത്തെ നിയമ പരഷ്‌കരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കേരള നിയമസഭക്ക് എന്ത് അധികാരമാണുള്ളത്. അനാവശ്യ പ്രചരണങ്ങള്‍ക്ക് നിയമസഭയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. ഇത് വിലകുറഞ്ഞ പരിഹാസ്യമായ നടപടിയാണ്. തുടര്‍ച്ചയായി കേന്ദ്ര വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കുകയാണ് നിയമസഭ. മുഖ്യമന്ത്രി തന്നെ ഇതിന് നേതൃത്വം നല്‍കുന്നത് ദുരൂഹമാണ്,’ സുരേന്ദ്രന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങള്‍ക്ക് കവല യോഗം നടത്തി പ്രസംഗിച്ചാല്‍ പോരെയെന്നും സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നിയമസഭയെ ഉപയോഗിക്കണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രത്തെ പേരെടുത്തു വിമര്‍ശിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരുമ്പോഴും ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍.

അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ചുകൊണ്ട് ലക്ഷദ്വീപ് കളക്ടര്‍ രംഗത്തെത്തിയിരുന്നു. വികസനത്തിനായുള്ള ശ്രമങ്ങളാണ് ദ്വീപില്‍ നടക്കുന്നതെന്നും ദ്വീപിലെ ജനങ്ങളുടെ പിന്തുണ ഭരണകൂടത്തിനുണ്ടെന്നുമായിരുന്നു കളക്ടര്‍ എസ്. അസ്‌കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം, ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങളുടെ കരടില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനാവുന്നില്ലെന്ന പരാതിയുമായി ദ്വീപ് ജനങ്ങള്‍ മുന്നോട്ടുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

CONTENT HIGHLIGHTS : BJP says Kerala Assembly resolution on Lakshadweep issue is ridiculous