ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി ബി.ജെ.പി; വിമര്‍ശനവുമായി എ.എ.പി
national news
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി ബി.ജെ.പി; വിമര്‍ശനവുമായി എ.എ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th October 2022, 10:31 am

ന്യൂദല്‍ഹി: ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന മുന്‍ ഉത്തരാഖണ്ഡ് കാബിനറ്റ് മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ ബന്‍സിധര്‍ ഭഗതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി. പരാമര്‍ശത്തെ ‘ലജ്ജാകരം’ എന്നായിരുന്നു എ.എ.പി വിശേഷിപ്പിച്ചത്.

ബി.ജെ.പി എല്ലാ പരിധികളും ലംഘിക്കുകയാണെന്നും എ.എ.പി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ഔദ്യോഗിക പേജിലൂടെയായിരുന്നു വിമര്‍ശനം.

ലക്ഷ്മി ദേവിയെ സമ്പത്തിനും സരസ്വതി ദേവിയെ വിദ്യാഭ്യാസത്തിനും ദുര്‍ഗാ ദേവിയും അധികാരത്തിനും വേണ്ടി പ്രീതിപ്പെടുത്തണം എന്ന് വിദ്യാര്‍ത്ഥികളെ എം.എല്‍.എ ഉപദേശിക്കുന്നതായിരുന്നു വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

‘ദൈവം നിങ്ങളുടെ സഹായത്തിനെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് വിവേകം വേണമെങ്കില്‍ സരസ്വതിയുമായി സല്ലപിക്കൂ; അധികാരം വേണമെങ്കില്‍ ദുര്‍ഗയെ പ്രസാദിപ്പിക്കാം; സമ്പത്ത് വേണമെങ്കില്‍ ലക്ഷ്മിയെ പൂജിക്കൂ,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ബി.ജെ.പി ദൈവങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയാണെന്നും എല്ലാ അതിര്‍വരമ്പുകളും പാര്‍ട്ടി ലംഘിച്ചെന്നും എ.എ.പി പറഞ്ഞു.

ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം പുറത്തെത്തിയിട്ടും ബി.ജെ.പി നേതൃത്വം മൗനം പാലിക്കുകയാണെന്നും എ.എ.പി വക്താവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.

നിരവധി പേര്‍ ബുദ്ധമതം സ്വീകരിച്ച മതപരിവര്‍ത്തന പരിപാടിയില്‍ എഎ.പി മന്ത്രി പങ്കെടുത്തതുമായി ബന്ധപ്പെട്ട എ.എ.പി-ബി.ജെ.പി പോര് നിലനിന്നിരുന്നു. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാജേന്ദ്ര പല്‍ ഗൗതം ആയിരുന്നു മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുത്തത്. ഇതിന് പിന്നാലെ ഗൗതം മന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചിരുന്നു.

രണ്ട് ദിവസത്തെ പര്യടനത്തിന് ഗുജറാത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ ഹിന്ദു-വിരുദ്ധനെന്നായിരുന്നു ബി.ജെ.പി വിശേഷിപ്പിച്ചത്. കെജ്‌രിവാള്‍ തൊപ്പി ധരിച്ചിരിക്കുന്ന തരത്തിലുള്ള ഫ്‌ലെക്‌സുകളും ബാനറുകളും ഇതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നിരുന്നു.

Content Highlight: BJP says derogatory remarks about hindu goddess, aam aadmi party criticize bjp for its statements