ഇത് താങ്കളുടെ മുതുമുത്തച്ഛന്‍ നെഹ്‌റുവിന്റെ ഇന്ത്യയല്ലെന്ന് ഓര്‍ത്തോളൂ; രാഹുലിനോട് ബി.ജെ.പി
national news
ഇത് താങ്കളുടെ മുതുമുത്തച്ഛന്‍ നെഹ്‌റുവിന്റെ ഇന്ത്യയല്ലെന്ന് ഓര്‍ത്തോളൂ; രാഹുലിനോട് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th December 2022, 12:02 pm

ന്യൂദല്‍ഹി: ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയാറെടുക്കുമ്പോള്‍ മോദി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി. ഇന്ത്യന്‍ മിലിട്ടറിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ പ്രതികരണം.

ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയും ബി.ജെ.പി വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ബി.ജെ.പി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുന്നത്.

‘ചൈനയുമായി അടുപ്പം വേണമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ അടുപ്പം കൂടിക്കൂടി ചൈന ഇനി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് വരെ അദ്ദേഹത്തിന് അറിയാം.

ഇന്ത്യന്‍ സുരക്ഷാവിഭാഗത്തെയും അതിര്‍ത്തി പ്രദേശങ്ങളെയും കുറിച്ച് തന്റെ യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകള്‍ ഇന്ത്യന്‍ പട്ടാളക്കാരെ മോശമായി ബാധിക്കും. മാത്രമല്ല അനാവശ്യമായി പലതരത്തിലുള്ള സംശയങ്ങളും ഉണ്ടാക്കും. സ്വയം പുനപ്രതിഷ്ഠിക്കാനുള്ള പ്രയത്‌നത്തിനിടയില്‍ അദ്ദേഹം ഒരിക്കലും രാജ്യസുരക്ഷയെ പറ്റി ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുത്.

ഉറങ്ങുന്നതിനിടയില്‍ 37,242 സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമി ചൈനക്ക് നല്‍കിയ അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ നെഹ്‌റുവിന്റെ ഇന്ത്യയല്ല ഇതെന്ന് കൂടി ഓര്‍ത്താല്‍ നന്നായിരിക്കും,’ റാത്തോഡ് പറഞ്ഞു. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ടാണ് റാത്തോഡിന്റെ പ്രസ്താവന നടത്തിയത്.

ഭാരത് ജോഡോ യാത്ര 100 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. അരുണാചലിലും ലഡാക്കിലും ചൈന ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലേയെന്നും രാഹുല്‍ ചോദിച്ചു.

‘ചൈന യുദ്ധത്തിന് ഒരുങ്ങുകയാണ്. വെറുമൊരു നുഴഞ്ഞുകയറ്റമായി അതിനെ കാണാനാകില്ല. അവരുടെ ആയുധങ്ങളുടെ ക്രമം നോക്കൂ. യുദ്ധ മുന്നൊരുക്കത്തിന്റെ സൂചനയാണത്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല.

ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കും. നമ്മുടെ സൈനികരെ പരാജയപ്പെടുത്തും. സുവ്യക്തമാണ് അവരുടെ ഭീഷണി. എന്നാല്‍ സര്‍ക്കാര്‍ അത് അവഗണിക്കുന്നു. ലഡാക്കിലും അരുണാചലിലും അവര്‍ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. നമ്മുടെ സര്‍ക്കാര്‍ ഉറങ്ങുകയും,’ രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം, നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നിടത്തോളം ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ വിഷയത്തില്‍ പ്രതികരിച്ചത്.

ചൈനയോടുള്ള നെഹ്റുവിന്റെ സ്നേഹം കൊണ്ടാണ് യു.എന്‍. സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം ഒഴിവാക്കപ്പെട്ടതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

തവാങിലെ സൈനിക സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ-ചൈന സൈനികര്‍ക്കിടയില്‍ ഡിസംബര്‍ ഒമ്പത് വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസമായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇരു വിഭാഗത്തുമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്.

Content Highlight: BJP’s response to Rahul Gandhi’s India-China remark