രാജ്യത്തെ വോട്ടിങ് മെഷനുകളിലല്ല, വോട്ടര്‍ പട്ടികയിലാണ് കൃത്രിമത്വം നടക്കുന്നത്; ബി.ജെ.പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്
India
രാജ്യത്തെ വോട്ടിങ് മെഷനുകളിലല്ല, വോട്ടര്‍ പട്ടികയിലാണ് കൃത്രിമത്വം നടക്കുന്നത്; ബി.ജെ.പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്
അനിത സി
Wednesday, 1st April 2026, 1:16 pm

കൊല്‍ക്കത്ത: രാജ്യമെമ്പാടും ബി.ജെ.പി വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിക്കുകയാണെന്ന് ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ യഥാര്‍ത്ഥ കൃത്രിമം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വഴിയല്ലെന്നും വോട്ടര്‍ പട്ടികയിലൂടെയാണെന്നും ടി.എം.സി നേതാവ് പറഞ്ഞു.

വോട്ടര്‍പട്ടികയില്‍ കൃത്രിമം കാണിക്കുന്ന മോശം  കലാപരിപാടി  ബി.ജെ.പി പരിപൂര്‍ണമാക്കിയിട്ടുണ്ട്. ദല്‍ഹിയിലും മഹാരാഷ്ട്രയിലും മുമ്പ് കണ്ടിരുന്നത് പോലൊരു പാറ്റേണ്‍ പശ്ചിമ ബഗാളിലും ബി.ജെ.പി വികസിപ്പിക്കുകയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 43 ലക്ഷത്തിലധികം വോട്ടര്‍മാരേയാണ് ആദ്യം ചേര്‍ത്തതെങ്കില്‍ പിന്നീട് അത് വെറും അഞ്ച് മാസത്തിനുള്ളില്‍ 40 ലക്ഷം വോട്ടര്‍മാരെ കൂട്ടിച്ചേര്‍ക്കുന്ന നിലയിലെത്തി. ദല്‍ഹിയില്‍ നാല് വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷത്തിലധികം വോട്ടര്‍മാരായിരുന്നു കൂടിയതെങ്കില്‍, ഏഴ് മാസത്തിനുള്ളില്‍ ഏതാണ്ട് അത്രതന്നെ എണ്ണം വോട്ടര്‍മാരെ കൂടി പുതുതായി കൂട്ടിച്ചേര്‍ത്തെന്നും അഭിഷേക് ബാനര്‍ജി ചൂണ്ടിക്കാട്ടി.

നേരത്തെ, പശ്ചിമ ബംഗാള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ വ്യാജ ഫോം 6 അപേക്ഷകള്‍ നിറച്ച കാര്‍ട്ടണുകള്‍ ഓഫീസിന്റെ മൂന്നാം നിലയില്‍ അടുക്കി വച്ചിരിക്കുന്നതായുള്ള വീഡിയോ അദ്ദേഹം എക്സിലൂടെ പുറത്തുവിട്ടിരുന്നു.

ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള വോട്ടര്‍മാരെ പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ നിയമവിരുദ്ധമായി ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ ഗൂഢാലോചനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ വഴിയൊരുക്കി എന്നത് ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങളില്‍ ഒരിടത്തും ഫോം 6 ന്റെ കൂട്ടസമര്‍പ്പണം അനുവദനീയമല്ല.

ഒരാള്‍ക്ക് 50 അപേക്ഷകള്‍ എന്ന പരിധി വ്യക്തമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇവിടെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം ആയിരക്കണക്കിന് ഫോമുകള്‍ സമര്‍പ്പിക്കുകയാണ്.

ഇത് നിയമലംഘനം മാത്രമല്ല, സ്വതന്ത്രവും നീതിയുക്തവുമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിത്തറയെത്തന്നെ ബാധിക്കുന്ന ഒന്നാണെന്നും അഭിഷേക് ബാനര്‍ജി വിമര്‍ശിച്ചു.

Content Highlight:  BJP rigged  voters list; Trinamool Congress Leader Abhishek Banerjee

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.