ബംഗാളിനെ മൂന്നായി വിഭജിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്, അതിനാണ് ആ ബില്‍; വിമര്‍ശിച്ച് മമത
national news
ബംഗാളിനെ മൂന്നായി വിഭജിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്, അതിനാണ് ആ ബില്‍; വിമര്‍ശിച്ച് മമത
ആദര്‍ശ് എം.കെ.
Sunday, 12th April 2026, 10:36 pm

 

കൊല്‍ക്കത്ത: മണ്ഡല പുനര്‍നിര്‍ണയം വഴി പശ്ചിമ ബംഗാളിനെ മൂന്നായി ഭാഗങ്ങളായി വിഭജിക്കാന്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബങ്കുര ജില്ലയിലെ ഛത്ന, ഓണ്ട എന്നിവിടങ്ങളിലും പൂര്‍വ ബര്‍ധമാനിലെ ഖണ്ഡഘോഷിലും നടന്ന തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മമതയുടെ വിമര്‍ശനം.

ബംഗാളിന്റെ ചില ഭാഗങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളുമായി ലയിപ്പിച്ചേക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

‘പശ്ചിമ ബംഗാളിനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാന്‍ പാര്‍ലമെന്റില്‍ ഡീലിമിറ്റേഷന്‍ ബില്‍ (മണ്ഡല പുനര്‍നിര്‍ണയ ബില്‍) കൊണ്ടുവരാന്‍ ബി.ജെ.പി പദ്ധതിയിടുന്നു. പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങള്‍ ബീഹാര്‍ അല്ലെങ്കില്‍ ഒഡീഷയുമായി ലയിപ്പിച്ചേക്കാം, അവിടെ ബംഗാളികളെ പീഡിപ്പിക്കും,’ മമത പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി 1,000 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കിയതായും അവര്‍ കുറ്റപ്പെടുത്തി.

ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനായി ഫണ്ട് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആം ജനതാ ഉന്നയന്‍ പാര്‍ട്ടി നേതാവ് ഹുമയൂണ്‍ കബീര്‍ ബി.ജെ.പി നേതാക്കളുമായി സംസാരിക്കുന്നതായുള്ള വീഡിയോയെ രുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി ബി.ജെ.പിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണെന്നും മമത ആരോപിച്ചു. ഏകദേശം 90 ലക്ഷത്തിലധികം വോട്ടര്‍മാരെ ഇതിലൂടെ ഒഴിവാക്കിയതായും അവര്‍ ചൂണ്ടിക്കാട്ടി.

വോട്ടെടുപ്പ് പ്രക്രിയയില്‍ കൃത്രിമം കാണിക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്ന് മമത മുന്നറിയിപ്പ് നല്‍കി.

‘വോട്ടിങ് മെഷീനുകളെക്കുറിച്ച് ജാഗ്രത പാലിക്കുക. സ്ലോ വോട്ടിങ്ങും സ്ലോ കൗണ്ടിങ്ങുമാണ് ബി.ജെ.പി പ്ലാന്‍ ചെയ്തിരിക്കുന്നത്. അവരുടെ എല്ലാ പദ്ധതികളും പരാജയപ്പെടുത്തുക,’ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു.

തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാര്‍ക്ക് കോഴ നല്‍കുകയും ജയിച്ചു കഴിഞ്ഞാല്‍ ബീഹാറിലെന്നപോലെ വാഗ്ദാനങ്ങള്‍ മറക്കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ ശൈലിയെന്നും അവര്‍ വിമര്‍ശിച്ചു.

സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസും മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ രംഗത്തുവന്നിരുന്നു. ഈ നീക്കം ഇന്ത്യയുടെ ഫെഡറല്‍ സന്തുലിതാവസ്ഥയെയും വൈവിധ്യത്തെയും തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ സീറ്റുകള്‍ നിലവിലുള്ള 543ല്‍ നിന്ന് 816 ആയി ഉയര്‍ത്താനാണ് നിര്‍ദേശം. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനാവശ്യമായ മുന്‍തൂക്കം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുനര്‍നിര്‍ണയത്തിന് ശേഷം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 200-ലധികം സീറ്റുകള്‍ അധികമായി ലഭിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഏകദേശം 65 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക.

 

 

Content highlight: BJP planning to divide Bengal into three parts through delimitation: Mamata Banerjee

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.