'ഹിന്ദു യുവാക്കള്‍ ന്യൂ ഇയര്‍ ആഘോഷിക്കരുത്, നമ്മുടെ ആഘോഷം യുഗാദിയാണ്'; ബി.ജെ.പി എം.എല്‍.എ
national news
'ഹിന്ദു യുവാക്കള്‍ ന്യൂ ഇയര്‍ ആഘോഷിക്കരുത്, നമ്മുടെ ആഘോഷം യുഗാദിയാണ്'; ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th December 2022, 3:43 pm

ഹൈദരാബാദ്: ഹിന്ദു യുവാക്കള്‍ പുതുവത്സരം ആഘോഷിക്കരുതെന്ന് തെലങ്കാന ബി.ജെ.പി എം.എല്‍.എ. സ്വയം പുറത്തിറക്കിയ വീഡിയോയിലൂടെയാണ് ഗോഷാമഹല്‍ എം.എല്‍.എ ടി. രാജാ സിങ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആളുകള്‍ എല്ലാ വര്‍ഷവും പുതുവത്സരം ആഘോഷിക്കുന്നു. അത് ഇന്ത്യന്‍ സംസ്‌കാരമല്ല. പാശ്ചാത്യ സംസ്‌കാരമാണെന്ന് ഓര്‍ക്കാതെയാണ് ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

”ഇത് 200 വര്‍ഷം ഇന്ത്യ ഭരിച്ചവരുടെ സംസ്‌കാരമാണ്. ഡിസംബര്‍ 31ന് അര്‍ധരാത്രി 12 മണിയോടെ ദുരാത്മാക്കള്‍ ബാധിച്ചതുപോലെ ആളുകള്‍ ഭ്രാന്തമായി ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്നു. നമ്മുടെ പുതുവത്സരം യുഗാദിയിലാണ് (ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള പുതുവര്‍ഷം) ആരംഭിക്കുന്നത്,” ബി.ജെ.പി എം.എല്‍.എ പറഞ്ഞു.

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനെ രാജാ സിങ് വിമര്‍ശിക്കുകയും, ഇത്തരത്തിലുള്ള പാശ്ചാത്യ ആചാരം അവസാനിപ്പിക്കാനായി യുവാക്കളോട് സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പുതുവത്സരാഘോഷത്തെക്കുറിച്ച് ബോധവത്ക്കരണം നല്‍കിയാല്‍ നമുക്ക് ഈ ദുരാചാരം അവസാനിപ്പിക്കാന്‍ കഴിയുമെന്നും എം.എല്‍.എ യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

നിരന്തരമായി വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്നതിന് പേര് കേട്ട വ്യക്തിയാണ് ബി.ജെ.പി എം.എല്‍.എയായ ഠാക്കൂര്‍ രാജാ സിങ് എന്ന ടി. രാജാ സിങ്.

ഹൈദരാബാദിനെ മിനി പാകിസ്താന്‍ എന്ന് വിശേഷിപ്പിച്ചത്, റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ‘വെടിവെക്കേണ്ട തീവ്രവാദികള്‍’ എന്ന് വിളിച്ചത്, 2018ല്‍ ബോളിവുഡ് ചിത്രം പത്മാവത് പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ കത്തിക്കാനുള്ള ആഹ്വാനം എന്നിവയെല്ലാം രാജാ സിങ് നടത്തിയതാണെങ്കിലും പ്രവാചക നിന്ദയുടെ പേരില്‍ എടുത്ത ഒരു കേസില്‍ മാത്രമാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.

എന്നാല്‍, പിന്നീടും അതിരൂക്ഷമായി വിദ്വേഷ പ്രസംഗങ്ങള്‍ ബി.ജെ.പി എം.എല്‍.എ തുടര്‍ന്നിരുന്നു. ഇതുവരെ 100ലധികം ക്രിമിനല്‍ കേസുകളാണ് രാജാ സിങ്ങിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പി ഇതര സര്‍ക്കാര്‍ ആയിട്ടും നിരന്തരമായി വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന രാജാ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ തെലങ്കാന പൊലീസ് മടിക്കുന്നതായി പരാതികളും ഉയര്‍ന്നിരുന്നു.

Content Highlight: BJP MLA Raja Singh asks youth to not celebrate New Year