കേരളം പിടിക്കാന്‍ സൂപ്പര്‍ താരങ്ങളെ തേടി ബി.ജെ.പി | D Kerala
ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ പുതിയ നീക്കങ്ങളുമായി ബി.ജെ.പി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനപ്രിയരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

സിനിമ, കായിക രംഗത്തെ സൂപ്പര്‍ താരങ്ങളെയും കലാ, സാഹിത്യ രംഗങ്ങളിലെ പ്രമുഖരെയുമാണ് സ്ഥാനാര്‍ത്ഥികളായി ബി.ജെ.പി ലക്ഷ്യമിടുന്നത്. കേരളത്തിലെ 10 മണ്ഡലങ്ങളിലെങ്കിലും ഇത്തരം സ്ഥാനാര്‍ത്ഥികള്‍ വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

കേന്ദ്ര നേതൃത്വം പ്രധാന്യം നല്‍കുന്ന തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, മാവേലിക്കര മണ്ഡലങ്ങളിലും സംസ്ഥാന നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്ന കൊല്ലം, കാസര്‍ഗോഡ്, ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണു നീക്കം.

കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരും കേരളത്തില്‍ മത്സരിക്കാനിടയുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഈ ഒക്ടോബറില്‍ തന്നെ പട്ടികയുണ്ടാക്കാനാണ് പദ്ധതി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ മറ്റൊരു പദ്ധതി.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് വരെ ജയസാധ്യതയുള്ള ആറ് മണ്ഡലങ്ങളെ എ ഗ്രേഡ് വിഭാഗത്തിലാക്കിയായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ പ്രചാരണം. എന്നാല്‍ ഇത് മാറ്റി 20 മണ്ഡലത്തിനും പ്രാധാന്യം നല്‍കണമെന്ന് കേന്ദ്ര നേതൃത്വമാണ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പാര്‍ട്ടി നേടിയ വോട്ടുകളുടെ അടിസ്ഥാനത്തില്‍ ആറ് സീറ്റുകള്‍ എ ഗ്രേഡ് മണ്ഡലങ്ങളായി ബി.ജെ.പി സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളാണ് സംസ്ഥാന നേതൃത്വം എ ഗ്രേഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഈ ആറ് മണ്ഡലങ്ങളിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷം വോട്ടുകള്‍ക്ക് മേലെയാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇതില്‍ തന്നെ പത്തനംതിട്ടയില്‍ മൂന്ന് ലക്ഷത്തിനോടടുത്തും തിരുവനന്തപുരം മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തിനും മേലെ വോട്ടുകളും ബി.ജെ.പി നേടി.

എന്നാല്‍ കേന്ദ്ര നേതൃത്തിന്റെ എല്ലാ പിന്തുണയും ഉപയോഗിച്ചിട്ടും ഒരു സീറ്റ് പോലും കേരളത്തില്‍ നേടാന്‍ പാര്‍ട്ടിക്കായിരുന്നില്ല. ഇതേതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് തന്ത്രം മാറ്റാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്.

മിഷന്‍ സൗത്ത് ഇന്ത്യയുടെ ഭാഗമായി കേരളത്തിന് പുറമേ തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും സമാന തന്ത്രം ബി.ജെപി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും.

ഈ മാസം സംസ്ഥാനത്ത് എത്തുന്ന ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം നേതൃയോഗത്തില്‍ പങ്കെടുത്ത് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.

സി.പി.ഐ.എമ്മിന്റെ പ്രചാരണ മാര്‍ഗങ്ങള്‍ അനുകരിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ താരതമ്യം ചെയ്യുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുമായി വീടുകള്‍ കയറിയിറങ്ങാനും സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്.

ജനുവരി 12ന് ആരംഭിച്ച് 29 വരെയാണ് ഗൃഹസന്ദര്‍ശനം. പാര്‍ട്ടി ഫണ്ട് പിരിവുമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 25 വരെ ബി.ജെ.പി ഗൃഹസമ്പര്‍ക്ക പരിപാടിയും നടത്തിയിരുന്നു.

മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ സാമ്പത്തിക സഹായങ്ങള്‍, വിവിധ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് പുറമേ, കേരളത്തെ സി.പി.ഐ.എം കടക്കെണിയിലാക്കിയെന്ന ആരോപണങ്ങളും ബന്ധുനിയമന ആരോപണവും ബി.ജെ.പി സംസ്ഥാനത്തെ ഗൃഹ സന്ദര്‍ശന പരിപാടിയില്‍ ഉയര്‍ത്തികാണിക്കും.

Content Highlight: BJP looking for superstars for 2024 Election; Equal importance to all 20 constituencies in Kerala