'അതിരാണിപ്പാടത്ത്' കലയുടെ കാറ്റ് വീശിത്തുടങ്ങി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala News
'അതിരാണിപ്പാടത്ത്' കലയുടെ കാറ്റ് വീശിത്തുടങ്ങി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd January 2023, 11:00 am

കോഴിക്കോട്: 61-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കം. കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ വി. ശിവന്‍കുട്ടി, മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര താരം ആശ ശരത്തായിരുന്നു മുഖ്യാതിഥി.

പതിനൊന്നരയോടെ മത്സരങ്ങള്‍ക്ക് തുടക്കമാകും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂള്‍ കലോത്സവം വീണ്ടും നടക്കുന്നത്.

അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇന മത്സരങ്ങളാണ് നടക്കുന്നത്. പതിനാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. മറ്റ് ദിവസങ്ങളില്‍ ഒമ്പത് മണിയോടെ മത്സരങ്ങള്‍ ആരംഭിക്കും.

ജനുവരി ഏഴിനാണ് കോഴിക്കോട്ടെ കലാമാമാങ്കത്തിന് കൊടിയിറങ്ങുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ജനുവരി ഏഴ് വരെ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌കൂള്‍ കലോത്സവത്തിനായി വിവിധ ജില്ലകളില്‍ നിന്നെത്തിയ മത്സരാര്‍ഥികള്‍ക്കുള്ള താമസസൗകര്യവും തുറന്നു കൊടുത്തു. നടക്കാവ് ജി.വി.എച്ച്.എസ്.എസില്‍ മന്ത്രി വി. ശിവന്‍കുട്ടി ഇതിന്റെ ഉദ്ഘാടനം ചെയ്തു.

പെണ്‍കുട്ടികള്‍ക്കായി 9 സ്‌കൂളുകളും ആണ്‍കുട്ടികള്‍ക്കായി 11 സ്‌കൂളുകളുമാണ് ഒരുക്കിയത്. പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്കുള്ള താമസ സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന്
അക്കമഡേഷന്‍ കമ്മിറ്റി ചെയര്‍പഴ്‌സന്‍ നവ്യ ഹരിദാസ് പറഞ്ഞു.

കലോത്സവത്തിനെത്തുന്ന പ്രതിഭകള്‍ക്കും ഒപ്പമുള്ളവര്‍ക്കും വേദികളില്‍നിന്ന് വേദികളിലേക്കു പോകാന്‍ കലോത്സവ വണ്ടികളും സജ്ജമാക്കിയിട്ടുണ്ട്.

ഗതാഗത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കലോത്സവ വണ്ടികള്‍ സജ്ജീകരിച്ചത്. ബസുകളും ഇന്നോവ കാറുകളും ഉള്‍പ്പെടെ 30 വാഹനങ്ങളാണ് ‘കലോത്സവ വണ്ടികള്‍’ എന്ന പേരില്‍ സര്‍വീസ് ആരംഭിച്ചത്.

കലോത്സവ ഗാനവും കൈപ്പുസ്തകവും മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രകാശനം ചെയ്തു. ഫറോക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപിക ഇ. ഉമ്മുകുല്‍സുവാണ് വരികള്‍ രചിച്ചത്.

Content Highlight: CM Pinarayi Vijayan inaugurated Kerala State School Kalolsavam in Kozhikode