സുവേന്തു അധികാരി ബംഗാളിന്റെ പ്രതിപക്ഷ നേതാവാകും; ബംഗാളില്‍ പഴയ സുഹൃത്തുക്കള്‍ നേര്‍ക്കുനേര്‍
Election 2021
സുവേന്തു അധികാരി ബംഗാളിന്റെ പ്രതിപക്ഷ നേതാവാകും; ബംഗാളില്‍ പഴയ സുഹൃത്തുക്കള്‍ നേര്‍ക്കുനേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th May 2021, 6:25 pm

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ തോല്‍പ്പിച്ച സുവേന്തു അധികാരി ബംഗാളിന്റെ പുതിയ പ്രതിപക്ഷ നേതാവാകും. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സുവേന്തുവിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.

തൃണമൂലില്‍ നിന്നപ്പോള്‍ മമതയുടെ വലം കൈയ്യായിരുന്ന സുവേന്തു അധികാരിയാണ് പ്രതിപക്ഷത്ത് മമതക്കെതിരെ ഇനി മുഖ്യ എതിരാളിയായി വരുന്നത്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കേറ്റ പരാജയം തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു.

മമത ബാനര്‍ജിയുടെ വിശ്വസ്തനും തൃണമൂലിന്റെ ഉന്നത നേതാക്കളിലൊരാളുമായിരുന്ന സുവേന്തു അധികാരി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിയില്‍ ചേരുന്നത്.  ഇതിന് പിന്നാലെ സുവേന്തു വര്‍ഷങ്ങളായി മത്സരിക്കുന്ന നന്ദിഗ്രാമില്‍ നിന്നും അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്ന് മമത പ്രഖ്യാപിക്കുകയായിരുന്നു.

ഇതുവരെ മത്സരിച്ചിരുന്ന മണ്ഡലം വിട്ട് സുവേന്തുവിനെതിരെ നന്ദിഗ്രാമില്‍ മത്സരത്തിനിറങ്ങിയ മമത ബാനര്‍ജി 1956 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

2007-2008 കാലഘട്ടത്തില്‍ നന്ദിഗ്രാം സംഭവങ്ങളെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും നന്ദിഗ്രാമിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാക്കുന്നതിലും സുവേന്തു അധികാരി വഹിച്ച പങ്ക് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights :BJP leader Suvendu Adhikari has been elected as the Leader of Opposition in the Bengal Assembly