രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നു; യു.കെയില്‍ രണ്ട് പ്രധാനമന്ത്രിമാരെ മാറ്റി, എന്നാല്‍ ഇവിടെ? ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി
national news
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നു; യു.കെയില്‍ രണ്ട് പ്രധാനമന്ത്രിമാരെ മാറ്റി, എന്നാല്‍ ഇവിടെ? ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th November 2022, 11:27 am

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണെന്നും കര്‍ഷകരും ചെറുകിട വ്യവസായികളും കുടിശ്ശിക അടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു.കെയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ അവര്‍ അവരുടെ പ്രധാമന്ത്രിയെ മാറ്റിയെന്നും എന്നാല്‍ ഇവിടെ അതിനുള്ള ആലോചനപോലും നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചെറുകിട-ഇടത്തരം വ്യവസായികളും കര്‍ഷകരും തങ്ങളുടെ കുടിശികയും വായ്പയും അടയ്ക്കാന്‍ കഴിയാതെ ദുരന്തത്തിന്റെ വക്കിലാണ് എന്നത് ശരിക്കും സങ്കടകരമാണ്.

സമ്പദ്‌വ്യവസ്ഥ തകരുകയാണ്. യു.കെയില്‍ ഇതിനേക്കാള്‍ ചെറിയ കാരണമുണ്ടായപ്പോള്‍ അവര്‍ ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് പ്രധാമന്ത്രിമാരെ മാറ്റി.

എന്നാല്‍ ഇവിടെ അങ്ങനെയൊരു ആലോചന പോലും ഉണ്ടാകുന്നില്ല. ഇവടെ ഒരു ക്രൂരമായ നിസംഗതയാണുള്ളത്,’ എന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റിന് പിന്നാലെ സുബ്രഹ്‌മണ്യന്‍ സ്വാമിക്കെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ അണികള്‍ രംഗത്തെത്തി. സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് കേന്ദ്രമന്ത്രിയാകാത്തതിന്റെ വിഷമമാണെന്നും കോണ്‍ഗ്രസിലേക്ക് പൊക്കോ എന്നിങ്ങനെയാണ് ഇവര്‍പറയുന്നു.

CONTENT HIGHLIGHT:  BJP leader Subramanian Swamy severely criticized the central government’s economic policies