'ബാലഗോപാലന്റെ കാര്യം പോയി, പിണറായി വിജയനെ പോലുള്ള ഈര്‍ക്കില്‍ പാര്‍ട്ടിയുടെ നേതാവിനെ ഗവര്‍ണര്‍ക്ക് ഭയപ്പെടേണ്ടിവരില്ല,' കെ. സുരേന്ദ്രന്‍
Kerala News
'ബാലഗോപാലന്റെ കാര്യം പോയി, പിണറായി വിജയനെ പോലുള്ള ഈര്‍ക്കില്‍ പാര്‍ട്ടിയുടെ നേതാവിനെ ഗവര്‍ണര്‍ക്ക് ഭയപ്പെടേണ്ടിവരില്ല,' കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th October 2022, 9:22 pm

കോട്ടയം: സജി ചെറിയാന്റെ ഗതി ധനമന്ത്രി കെ.എന്‍ ബാലഗോപാലിനും വരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചതിനാണ് മന്ത്രിസഭയില്‍ നിന്നും പുറത്തുപോയത്. ഇപ്പോള്‍ ഇതാ ഭരണഘടനയെ അപമാനിച്ച ധനമന്ത്രിയും പുറത്തേക്ക് പോവേണ്ട സാഹചര്യത്തിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഗവര്‍ണര്‍ക്കെതിരെ അവഹേളനം നടത്താനുള്ള അവകാശം മന്ത്രിമാര്‍ക്കില്ല. സുപ്രീം കോടതിയുടെ വിധി അനുസരിച്ച് രാജിവെച്ച് പോവുകയേ ഒമ്പത് വി.സിമാര്‍ക്കും സാധിക്കുകയുള്ളൂ സുരേന്ദ്രന്‍ പറഞ്ഞു. കോട്ടയം കല്ലറയില്‍ വെച്ച് നടന്ന ബി.ജെ.പി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാലഗോപാലാ… നിന്നെ എണ്ണ തേപ്പിക്കാത്ത വിഷയമേ ഉദിക്കുന്നില്ല. ബാലഗോപാലന്റെ കാര്യം പോയി, നിങ്ങള്‍ക്ക് സംശയമേ വേണ്ട. ഇവിടെ ചിലര്‍ പറയുന്നത് ബാലഗോപാല്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ്, ബാലഗോപാല്‍ പറഞ്ഞിട്ടുമുണ്ട്, അയാള്‍ രാജിവെക്കേണ്ടിയും വരും,’ സുരേന്ദ്രന്‍ പറഞ്ഞു.

പിണറായിയും കാനവും വിചാരിച്ചാല്‍ മാറ്റാവുന്നതല്ല ഇന്ത്യന്‍ ഭരണഘടന. 450 സീറ്റ് കോണ്‍ഗ്രസിനുണ്ടായിരുന്ന കാലത്ത് രാഹുല്‍ ഗാന്ധിയെ പേടിക്കാത്ത ആരിഫ് മുഹമ്മദ് ഖാന്, പിണറായി വിജയനെ പോലുള്ള ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെ നേതാവിനെ ഒരിക്കലും ഭയപ്പെടേണ്ടിവരില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യു.പി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നത്.

ഇക്കഴിഞ്ഞ 18ന് കേരള സര്‍വ്വകലാശാലയെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഗവര്‍ണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാല്‍ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍, ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ധനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ അചഞ്ചലമായ വിശ്വാസമുണ്ടെന്നും ഭരണഘടനാപരമായി നോക്കുമ്പോള്‍ ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെടാന്‍ മാത്രം ഒന്നും മന്ത്രി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Content Highlight: BJP Leader K Surendran Slams KN Balagopal And Pinarayi Vijayan Over Governor’s Letter Controversy