കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ പുകഴ്ത്തി ബി.ജെ.പി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. കോഴിക്കോട് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പൗരാവലിയുടെ സ്വീകരണത്തിലാണ് മുഖ്യമന്ത്രിയെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും വേദിയിലിരുത്തി ശ്രീധരന്‍ പിള്ള വി.ഡി. സതീശനെ പുകഴ്ത്തിയത്.
പ്രത്യാശയുടെ… പ്രതീക്ഷയുടെ… പ്രതിഭയുടെ… നല്ല മുഖ്യമന്ത്രിയെ നമുക്ക് ലഭിച്ചിരിക്കുന്നു എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
‘അഞ്ച് വര്‍ഷക്കാലം ഞാന്‍ നിങ്ങളുടെ സേവകനാണ് എന്ന അര്‍ത്ഥത്തിലാണ് ജനാധിപത്യത്തില്‍ അധികാരം നിക്ഷിപ്തമായ ആളുകളെല്ലാം തന്നെ ഉള്ളത്. അത്തരത്തില്‍ എനിക്ക് പ്രതീക്ഷയുള്ളത്, നൂറ് ശതമാനം ഉറപ്പിക്കാന്‍ സാധിക്കുന്നത് ശ്രീ വി.ഡി. സതീശനാണ്.
രണ്ട് തരത്തിലുള്ള നീതിയുണ്ട്. ഒന്ന്, നിയമാധിഷ്ഠിതമായ നീതി. ആര് എന്തൊക്കെ പറഞ്ഞാലും നമ്മളുടെ നിയമം അടിസ്ഥാമനാക്കി നീതി നല്‍കുന്നത്. ഹൈക്കോടതികളും സുപ്രീം കോടതികളുമെല്ലാം അതില്‍ ഒരു പണത്തൂക്കം മുമ്പില്‍ നില്‍ക്കുകയാണ്.
നിയമാധിഷ്ഠിതമായ നീതി ഒരു ഭാഗത്ത്. എന്നാല്‍ അതിനൊപ്പമോ, അതിനേക്കാള്‍ ഉപരിയോ ഉള്ളതാണ് ജനങ്ങളുടെ നീതി. ഇത് രണ്ടും ഒരുപോലെ യോജിപ്പിച്ച് കൊണ്ടുപോകുമ്പോഴാണ് ഒരു ഭരണാധിപന്‍ വിജയിക്കുന്നത് എന്ന് കരുതുന്ന എളിയ പൊതുപ്രവര്‍ത്തകനാണ് ഞാന്‍.
അദ്ദേഹത്തിന്റെ ഇത്രയും കാലമുള്ള പ്രവൃത്തികള്‍ വിലയിരുത്താന്‍ സാധിക്കുന്ന ആള്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു, പ്രത്യാശയുടെ… പ്രതീക്ഷയുടെ… പ്രതിഭയുടെ… നല്ല മുഖ്യമന്ത്രിയെ നമുക്ക് ലഭിച്ചിരിക്കുന്നു,’ ശ്രീധരന്‍ പിള്ള പറഞ്ഞു.