എഡിറ്റര്‍
എഡിറ്റര്‍
സമരക്കാരെ വിലക്കെടുക്കാന്‍ ബി.ജെ.പി മുടക്കുന്നത് 500 കോടി; ഗുജറാത്തിലെ ആറ് കോടി ജനങ്ങളോട് മത്സരിച്ച് നിങ്ങള്‍ വിജയിക്കില്ല: ആഞ്ഞടിച്ച് ഹാര്‍ദിക് പട്ടേല്‍
എഡിറ്റര്‍
Tuesday 24th October 2017 9:59am

വാരാണസി: ബി.ജെ.പിയില്‍ ചേരാനായി പട്ടേല്‍ സംവരണ നേതാവ് നരേന്ദ്ര പട്ടേലിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഗുജറാത്തിലെ പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍.

ഗുജറാത്തിലെ ആളുകള്‍ വിലകുറഞ്ഞവരല്ല എന്നാണ് ബി.ജെ.പി അവരെ പണം നല്‍കി വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് ഹാര്‍ദിക് പട്ടേല്‍ പരിസഹിച്ചു.

ബി.ജെ.പി വിലക്കെടുക്കാന്‍ ശ്രമിക്കുന്ന ഗുജറാത്തിലെ ജനങ്ങള്‍ വിലകുറഞ്ഞവരല്ല. ഗുജറാത്തിലെ ജനങ്ങള്‍ അപമാനിക്കപ്പെട്ടിരിക്കുകയാണ്. ഈ അപമാനത്തിന് അവര്‍ പ്രതികാരം ചെയ്യും.


Dont Miss ‘മോദിജി, സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം തരില്ലെന്ന് പറയാന്‍ അത് നിങ്ങളുടെ ഔദാര്യമല്ല ഞങ്ങളുടെ നികുതിപ്പണമാണ്’; പ്രധാനമന്ത്രിക്ക്  ചുട്ട മറുപടിയുമായി മന്ത്രി തോമസ് ഐസക്ക്


കേന്ദ്രത്തിനെതിരെ സമരം നടത്തുന്നവരെ വിലയ്‌ക്കെടുക്കാനായി ബി.ജെ.പി 500 കോടി രൂപയുടെ ബഡ്ജറ്റാണ് ഇട്ടിരിക്കുന്നത്. അവര്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ പിന്നെ പണം കൊടുത്ത് ആളുകളെ വിലയ്‌ക്കെടുക്കേണ്ട ആവശ്യം എന്തിനാണെന്ന് മനസിലാകുന്നില്ല.

ഗുജറാത്തിലെ ആറ് കോടി ജനങ്ങളുടെ രോഷത്തോടാണ് ബി.ജെ.പി യുദ്ധം ചെയ്യാന്‍ ശ്രമിക്കുന്നത്. കര്‍ഷകര്‍, വ്യാപാരികള്‍ തൊഴിലാളികള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ബി.ജെ.പിയുടെ ഏകാധിപത്യ ഭരണത്തില്‍ മടുത്തിരിക്കുകയാണ്.- ഹര്‍ദിക് പട്ടേല്‍ പ്രതികരിക്കുന്നു.

ബി.ജെ.പിയില്‍ ചേരാന്‍ പാര്‍ട്ടി തനിക്ക് ഒരുകോടി വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തുകയും അഡ്വാന്‍സായി ലഭിച്ച പത്തുലക്ഷം രൂപ ഉയര്‍ത്തിക്കാട്ടുകയും ചെയ്തുകൊണ്ടായിരുന്നു നരേന്ദ്ര പട്ടേല്‍ തന്നെ സ്വാധീനിച്ചതെങ്ങനെയെന്ന് വിശദീകരിച്ചത്.

പട്ടേല്‍ സംവരണ സമര നായകന്‍ ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായ വരുണ്‍ പട്ടേല്‍ വഴിയാണ് തന്നെ സ്വാധീനിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞദിവസം വരുണ്‍ പട്ടേലും ബി.ജെ.പിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു.

നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന പട്ടേല്‍ നേതാവ് നിഖില്‍ സാവനിയും രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയുടെ ഈ നടപടിയില്‍ അങ്ങേയറ്റം ദു:ഖമുണ്ടെന്നും ഇനി അവര്‍ക്കൊപ്പം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്നും നിഖില്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുകയായിരുന്നു.

Advertisement