കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗങ്ങളും ഗോരക്ഷാ ആക്രമണങ്ങളുമുള്‍പ്പെടെ 385 കേസുകള്‍ പിന്‍വലിച്ച് ബി.ജെ.പി സര്‍ക്കാര്‍
national news
കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗങ്ങളും ഗോരക്ഷാ ആക്രമണങ്ങളുമുള്‍പ്പെടെ 385 കേസുകള്‍ പിന്‍വലിച്ച് ബി.ജെ.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd April 2023, 3:19 pm

ബെംഗളൂരു: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 385 ക്രിമിനല്‍ കേസുകളില്‍ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സംസ്ഥാന ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയിലാണ് ഈ വിവരമുള്ളത്.

2019 ജൂലൈ മുതല്‍ 2023 ഏപ്രില്‍ വരെയുള്ള കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഏഴ് പ്രത്യേക ഓര്‍ഡറുകള്‍ പുറത്തിറക്കിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിച്ച 385 ക്രിമിനല്‍ കേസുകളില്‍ 182 എണ്ണം വിദ്വേഷ പ്രസംഗങ്ങള്‍, ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍, വര്‍ഗീയ അക്രമങ്ങള്‍ എന്നിവയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണ്.

വര്‍ഗീയ ആക്രമണങ്ങളുള്‍പ്പെടെയുള്ള 182 കേസുകള്‍ റദ്ദാക്കിയതോടെ ബി.ജെ.പി എം.പിയും എം.എല്‍.എയുമുള്‍പ്പെടെ ആയിരത്തോളം പ്രതികളാണ് പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടാതെ രക്ഷപ്പെടുന്നത്. റദ്ദാക്കപ്പെട്ട മുഴുവന്‍ ക്രിമിനല്‍ കേസുകളും പരിഗണിക്കുമ്പോള്‍ രണ്ടായിരിത്തോളം പേരാണ് നടപടി ക്രമങ്ങളില്‍ നിന്ന് ഒഴിവാകുന്നത്.

2013-18ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തവയാണ് വര്‍ഗീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ടവയിലേറെയും. 182 കേസുകളില്‍ 45 എണ്ണവും 2017 ഡിസംബറില്‍ ഉത്തര കന്നഡ ജില്ലയില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. പരേഷ് മെസ്ത എന്ന ഹിന്ദു യുവാവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു മേഖലയില്‍ തുടര്‍ച്ചയായ ആക്രമണങ്ങളുണ്ടായത്. പരേഷിന്റേത് അപകട മരണമാണെന്ന് പിന്നീട് സി.ബി.ഐ കണ്ടെത്തിയിരുന്നു.

കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് അനുകൂലമായാണ് പൊതുവില്‍ കോടതികള്‍ പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പരേഷ് മെസ്തയുടെ മരണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ 66 പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2023 ഫെബ്രുവരി 28ലെ ഉത്തരവ് അംഗീകരിക്കാന്‍ ഉത്തര കന്നഡ ജില്ലയിലെ സിര്‍സി മജിസ്‌ട്രേറ്റ് കോടതി തയ്യാറായില്ല എന്ന കാര്യവും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 13നാണ് വോട്ടെണ്ണല്‍. മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍, ഉപ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡി എന്നിവര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Content Highlights: BJP government withdrawn 385 cases including cow protection attacks in Karnataka