തൃശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ബ്ലോക്ക് പഞ്ചായത്തിലും തിരിച്ചടി നേരിട്ട് ബി.ജെ.പി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരേയൊരു എം.പിയെ സമ്മാനിച്ച തൃശൂര്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പൂര്‍ണമായും കൈവിട്ടു. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല.
ആകെയുള്ള 86 ഗ്രാമപഞ്ചായത്തില്‍ ഒന്ന് നേടിയതൊഴിച്ചാല്‍ എടുത്തുപറയാന്‍ ഒന്നും സുരേഷ് ഗോപിയുടെ തൃശൂര്‍ ബി.ജെ.പിക്ക് നല്‍കിയില്ല. ബ്ലോക്ക് പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്തിലെയും സ്ഥിതിയാണ് എടുത്ത് പറയേണ്ടത്.
തൃശൂര്‍ ജില്ലയിലെ ആകെ 16 ബ്ലോക്ക് പഞ്ചായത്തിലും ഒരു മുന്നേറ്റവും പാര്‍ട്ടിക്ക് ഉണ്ടാക്കാന്‍ സാധിച്ചില്ല. 12 ബ്ലോക്ക് പഞ്ചായത്തിലും ഒറ്റ സീറ്റ് പോലും നേടാന്‍ സാധിക്കാതെയാണ് ബി.ജെ.പി തകര്‍ന്നടിഞ്ഞത്. ആകെയുള്ള 231 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ ബി.ജെ.പിക്ക് നേടാന്‍ സാധിച്ചത് വെറും അഞ്ച് ഡിവിഷനുകള്‍ മാത്രം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് റെക്കോഡ് മുന്നേറ്റം സമ്മാനിച്ച മേഖലകളെല്ലാം തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ‘താമരക്കുട്ടന്‍മാരെ’ പൂര്‍ണമായും കൈവിടുന്ന കാഴ്ചയാണ് തൃശൂരില്‍ കണ്ടത്. നാട്ടിക, മണലൂര്‍, ഒല്ലൂര്‍ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി പിന്നോട്ട് പോയി.
ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തില്‍ രണ്ട് ഡിവിഷനുകളും ഇരിങ്ങാലക്കുട, മതിലകം, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒരോ ഡിവിഷനുകളിലുമാണ് ബി.ജെ.പിക്ക് സാന്നിധ്യമുറപ്പിക്കാന്‍ സാധിച്ചത്. വലിയ തോതിലുള്ള ഭൂരിപക്ഷവും ഈ ഡിവിഷനുകളില്‍ ബി.ജെ.പിക്കില്ല.
ബി.ജെ.പി സീറ്റ് നേടിയ നാല് ബ്ലോക്ക് പഞ്ചായത്തുകളും എല്‍.ഡി.എഫിനൊപ്പമാണ് നിന്നത്. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിലെ 14ല്‍ എട്ട് സീറ്റും സ്വന്തമാക്കി ഇടത് അധികാരത്തിലേറിയപ്പോള്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ 16ല്‍ 13 സീറ്റും പഴയന്നൂര്‍ ബ്ലോക്കിലെ 15ല്‍ 12 സീറ്റും നേടി ഇടത് മുന്നണി സമഗ്രാധിപത്യം സ്വന്തമാക്കി. ഇരിങ്ങാലക്കുടയിലെ കാര്യവും വ്യത്യസ്തമല്ല. 14ല്‍ 11 ഡിവിഷനുകളും ചുവപ്പിച്ചാണ് ഇടത് അധികാരത്തിലേറിയത്.
കേവലം ഈ ബ്ലോക്ക് പഞ്ചായത്തുകള്‍ മാത്രമല്ല, ജില്ലയിലെ 16ല്‍ പത്തിലും എല്‍.ഡി.എഫാണ് മുന്നിട്ട് നില്‍ക്കുന്നത്. അഞ്ചിടത്ത് യു.ഡി.എഫ് മുന്നേറിയപ്പോള്‍ പുഴക്കല്‍ ബ്ലോക്കില്‍ ഏഴ് വീതം ഡിവിഷനുകള്‍ നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിന്നു.
ജില്ലാ പഞ്ചായത്തും എല്‍.ഡി.എഫിനൊപ്പമാണ് നിന്നത്. ആകെയുള്ള 30ല്‍ 21 സീറ്റുകളും ഇടതുപക്ഷം സ്വന്തമാക്കി. പൊളിറ്റിക്കല്‍ വോട്ടുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജില്ലാ പഞ്ചായത്ത് വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചത് ഇടതുപക്ഷത്തെ സംബന്ധിച്ച് നേട്ടം തന്നെയാണ്.
ജില്ലയിലെ ആകെയുള്ള 86 ഗ്രാമ പഞ്ചായത്തുകളില്‍ 44ഉം ഇടതിനൊപ്പം നിന്നു. 34 പഞ്ചായത്തുകളില്‍ യു.ഡി.എഫ് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഏഴിടത്ത് ഒരു മുന്നണിക്കും കൃത്യമായ ലീഡ് നേടാന്‍ സാധിച്ചിട്ടില്ല.
Content Highlight: BJP didn’t win a single seat in 12 block panchayats in Trissur