ലൗ ജിഹാദ് നടക്കുന്നത് സി.പി.ഐ.എം പിന്തുണയോടെ; ക്രൈസ്തവ സമൂഹം സി.പിഐ.എമ്മിന് രണ്ടാംതരം പൗരന്മാര്‍: ബി.ജെ.പി
Kerala News
ലൗ ജിഹാദ് നടക്കുന്നത് സി.പി.ഐ.എം പിന്തുണയോടെ; ക്രൈസ്തവ സമൂഹം സി.പിഐ.എമ്മിന് രണ്ടാംതരം പൗരന്മാര്‍: ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th April 2022, 2:39 pm

കോഴിക്കോട്: സി.പി.ഐ.എം പിന്തുണയോടെയാണ് ലൗ ജിഹാദ് നടക്കുന്നതെന്ന് ബി.ജെ.പി. കേരള ബി.ജെ.പിയുടെ ഒദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലാണ് ഇതുസംബന്ധിച്ച ഒരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘സി.പി.ഐ.എം പിന്തുണയോടെ നടക്കുന്ന ലൗ ജിഹാദിന് എതിരെ പ്രതികരിക്കുക, പ്രതിഷേധിക്കുക,’ എന്നാണ് പോസ്റ്ററിലുള്ളത്.

ലൗ  ജിഹാദ് സംബന്ധിച്ച തന്റെ പരാമര്‍ശം അബദ്ധമായിരുന്നു എന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം. തോമസ് തിരുത്തി പറഞ്ഞതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതികരണം.

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞു. ലവ് ജിഹാദില്‍ ജോര്‍ജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ ഞാന്‍ പറഞ്ഞത് ഇന്ന് യാഥാര്‍ത്ഥ്യമായി. തീവ്രവര്‍ഗീയ സംഘടനകളെ തള്ളിപ്പറയാന്‍ സി.പി.ഐ.എമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ എന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പരിഹസിച്ചു.

തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സി.പിഐ.എമ്മിന് രണ്ടാംതരം പൗരന്മാര്‍ തന്നെയാണ്. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതല്‍ വിഷം ചീറ്റിയതും സി.പി.ഐ.എം ആയിരുന്നല്ലോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും യാഥാര്‍ത്ഥ്യം തന്നെയാണ്. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്. പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവര്‍ക്കെതിരെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ഞങ്ങള്‍ക്കേതായാലും മടിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞു. സംഭവത്തില്‍ ലവ് ജിഹാദല്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണു കണ്ടത്. പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ജോര്‍ജ് പറഞ്ഞു.

CONTENT HIGHLIGHLIGHTS : BJP claims that the Love Jihad is being carried out with the support of the CPIM